കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച് നടി നല്കിയ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരായത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവ് ഹാജാരാക്കാമെന്ന് പ്രതിഭാഗം അറിയിച്ചപ്പോള്‍ ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
ബോബി ചെയ്തതു ഗൗരവമേറിയ കുറ്റമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു. ജാമ്യം നല്കിയാല് ബോബി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധിനിക്കുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഹണി റോസിന്റെ പരാതിയിലും ജാമ്യം നില്കിയാല് മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹാനമാകുമെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ശരീരത്തില്‍ പരുക്കുണ്ടോയെന്നു ബോബിയോടു മജിസ്ട്രേറ്റ് ചോദിച്ചു. 2 ദിവസം മുന്‍പ് വീണു കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്നു ബോബി അറിയിച്ചു.പൊലീസ് മര്‍ദിച്ചിട്ടില്ലെന്നു ബോബി കോടതിയില്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12.45 ഓടെയാണ് ബോബിയെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ എത്തിച്ചത്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി 2 തവണ ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.
മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര് അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.
വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രത്യേക സംഘം രാവിലെ കസ്റ്റഡിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍