പെരിയ ഇരട്ട കൊലക്കേസ്: കുഞ്ഞിരാമന്‍ അടക്കം 4 പേരുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു, ജാമ്യം ലഭിക്കാന്‍ സാധ്യത

പെരിയ ഇരട്ട കൊലക്കേസ്: കുഞ്ഞിരാമന്‍ അടക്കം 4 പേരുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു, ജാമ്യം ലഭിക്കാന്‍ സാധ്യത

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ മുന്‍ എം.എല്‍.എ അടക്കം 4 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികളുടെ ശിക്ഷയാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. ഈ നാലുപേരും കേസില്‍ സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികള്‍ക്കും ജാമ്യം ലഭിക്കും.ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
5 വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണ കോടതി പ്രതികള്‍ക്കു വിധിച്ചിരുന്നത്. വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ പിന്നീട് വാദം കേള്‍ക്കും.

14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണു ഹൈക്കോടതി മരവിപ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാന്‍ കാരണമായത്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്ന സമയം ജീപ്പിലെത്തിയ അക്രമികള്‍ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ 14 പ്രതികളുണ്ടായിരുന്നു. പിന്നീട് കേസ് സിബിഐ അന്വേഷിച്ചപ്പോള്‍ കുഞ്ഞിരാമന്‍ അടക്കം പ്രതികള്‍ 24 ആയി. എന്നാല്‍ വിചാരണ കോടതി ഇതില്‍ പ്രതികളെ വെറുതെ വിടുകയും 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കുകയുമായിരുന്നു. ഇതില്‍ 5 വര്‍ഷം ശിക്ഷ കിട്ടിയവരായിരുന്നു കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍.

 

 

 

പെരിയ ഇരട്ട കൊലക്കേസ്: കുഞ്ഞിരാമന്‍ അടക്കം
4 പേരുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു, ജാമ്യം ലഭിക്കാന്‍ സാധ്യത

 

 

Share

Leave a Reply

Your email address will not be published. Required fields are marked *