വയനാട്: നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാടുനിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്.
മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.
കണ്ണൂരില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്സ് ഉദ്ഘാടന വേദിയില്‍ അപമാനകരമായി പെരുമാറിയപ്പോള്‍ മാനസികമായി പ്രയാസം തോന്നിയെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരിതിയാണ് ചിരിച്ചുനിന്നതെന്നും നടി സൂചിപ്പിച്ചു. പിന്നീടു ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നു നടിയുടെ പരാതിയിലുണ്ട്.തലശ്ശേരിയിലെ ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ജിം ഉദ്ഘാടന സ്ഥലത്തെത്തിയ പ്രതി ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടര്‍ന്ന്, ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ തൃപ്രയാര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനു വിളിച്ചെങ്കിലും പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ചു. പിന്നീട് പ്രതികാരബുദ്ധിയോടെ പല അഭിമുഖങ്ങളിലും അനാവശ്യമായി തന്റെ പേരു പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യ പരാമര്‍ശങ്ങള്‍ നടത്തിയെന്നും നടി പറഞ്ഞു.