ഹണിറോസിനെതിരായ അശ്ലീല പരാമര്‍ശങ്ങള്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഈ വിഷയം കേരളീയ സമൂഹത്തിന്റെ മുന്‍പില്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം ഇതില്‍ ആരാണ് തെറ്റുകാര്‍ എന്നതാണ്. ഹണിറോസിനെതിരായി ബോബി നടത്തിയ പരാമര്‍ശം ഒന്നാമത്തെ തെറ്റ് തന്നെയാണ്. ബോബി ചെമ്മണ്ണൂരിനെപോലെ വ്യവസായ രംഗത്തും, ജീവ കാരുണ്യ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന പ്രായം കൊണ്ട് പക്വമതിയാവേണ്ട ഒരു വ്യക്തിയില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഉണ്ടായത് എന്നത് പരമാര്‍ത്ഥമാണ്.
ഇക്കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ, എന്നാല്‍ ഹണിറോസ് സമൂഹത്തില്‍ ഉത്പാദിപ്പിച്ച ബോധ മണ്ഡലം എന്താണെന്ന് കൂടി പരിശോധിക്കപ്പെടണം. മലയാള സിനിമയില്‍ മികച്ച ഒട്ടനവധി നടിമാരുണ്ട്. അവരെയെല്ലാം കേരളീയ സമൂഹം ഇഷ്ടപ്പെടുകയും, ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ നടിമാരില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷ രീതികളാണ് ഹണിറോസ് പിന്‍പറ്റുന്നതെന്നത് ഓരോ മലയാളിക്കുമറിയാം. എന്ത് വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെങ്കിലും, ഒരു വ്യക്തിയുടെ വസ്ത്രധാരണം സമൂഹത്തിലുണ്ടാകുന്ന ഇംപാക്ടും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ഹണിറോസിനേക്കാളും പ്രശസ്തരായ മലയാള നടിമാര്‍ യാതൊരു ആക്ഷേപവുമില്ലാത്ത കുലീനമായ വസ്ത്രം ധരിച്ച് പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് നാമെല്ലാം കാണുന്നതാണ്. ബോബിയുടെ കണ്ണൂര്‍ ഷോറൂം ഉദ്ഘാടനത്തിന് ഹണിറോസ് പങ്കെടുക്കുകയും, അവിടെ ബോബിയോടൊപ്പം നൃത്തച്ചുവടുകള്‍ വെക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ വന്നതാണ്.
ബോബിയായാലും, ഹണിറോസായാലും സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വസ്ത്ര ധാരണമോ, പ്രയോഗമോ നടത്താന്‍ പാടില്ല. കേരളം പ്രബുദ്ധമായ സംസ്‌കാരമുള്ള ഒരു നാടാണ്. നമ്മുടെ തനിമ, നന്മ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടത്. ബോബി ചെമ്മണ്ണൂര്‍-ഹണിറോസ് വിഷയം ഉയര്‍ത്തുന്ന മൗലികമായ ചോദ്യത്തിന് ശരിയായ ഉത്തരം, വ്യവഹാരങ്ങള്‍ക്കിടയാക്കുന്ന കാര്യങ്ങളില്‍ നിന്ന് വ്യക്തികള്‍ വിട്ട് നില്‍ക്കണമെന്നതുതന്നെയാണ്.