തലശ്ശേരി: കണ്ണപുരം ചുണ്ടയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലിച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം. ഇവരില്‍ 2 പേര്‍ സഹോദരങ്ങളാണ്. തലശ്ശേരി അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റൂബി കെ.ജോസാണു ശിക്ഷ വിധിച്ചത്.
കണ്ണപുരം ചുണ്ട വയക്കോടന്‍ വീട്ടില്‍ വി.വി.സുധാകരന്‍ (56), കോത്തില താഴെവീട്ടില്‍ ജയേഷ് (39), ചാങ്കുളത്ത് പറമ്പില്‍ സി.പി.രഞ്ജിത്ത് (42), പുതിയപുരയില്‍ പി.പി.അജീന്ദ്രന്‍ (50), ഇല്ലിക്കവളപ്പില്‍ ഐ.വി.അനില്‍കുമാര്‍ (51), പുതിയപുരയില്‍ പി.പി.രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടില്‍ വി.വി.ശ്രീകാന്ത് (46), സഹോദരന്‍ വി.വി.ശ്രീജിത്ത് (42), തെക്കേവീട്ടില്‍ ടി.വി.ഭാസ്‌കരന്‍ (62) എന്നിവരാണു ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. മൂന്നാം പ്രതി കോത്തില താഴെവീട്ടില്‍ അജേഷ് വിചാരണയ്ക്കു മുന്‍പു വാഹനാപകടത്തില്‍ മരിച്ചിരുന്നു.
എല്ലാ പ്രതികള്‍ക്കും 307 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്.പ്രതികള്‍ കൊലപാതകം, വധശ്രമം എന്നിവയില്‍ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 6 പ്രതികള്‍ ആയുധം കൈവശം വയ്ക്കല്‍ വകുപ്പു പ്രകാരവും കുറ്റക്കാരാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 19 വര്‍ഷത്തിനിടെ 5 ജഡ്ജിമാരാണു കേസില്‍ വാദം കേട്ടത്. 2005 ഒക്ടോബര്‍ മൂന്നിനു 19 വര്‍ഷം മുന്‍പ് രാത്രിയാണു റിജിത്ത് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയില്‍ ക്ഷേത്രത്തിനു സമീപം കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2005 ഒക്ടോബര്‍ മൂന്നിന് രാത്രി ഒന്‍പത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരുന്ന സമയത്ത് മാരകായുധങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.