പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട്; സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു

പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട്; സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന്ം ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. മലയോരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ പിന്തുണ അറിയിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. യു.ഡി.എഫ്.ആണ് അന്‍വറുമായി ബന്ധപ്പെട്ട രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കുക എന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

യു.ഡി.എഫ്. പ്രധാന ഘടകകക്ഷി എന്ന നിലയ്ക്ക് വനഭേദഗതി ബില്ലിനെ എതിര്‍ക്കാനുള്ള പിന്തുണ തേടിയാണ് എത്തിയത്.അല്ലാതെ യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്താനല്ല, മലയോരജനതയുടെ കഷ്ടപ്പാട് ചര്‍ച്ച ചെയ്യാനാണെന്ന് പാണക്കാട് എത്തിയത്. പ്രതിപക്ഷ നേതാവിനേയും യു.ഡി.എഫിലെ മറ്റ് നേതാക്കളേയും ഘടകകക്ഷികളേയും ഇനി കാണണമെന്നും ഇതേ കാര്യങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് യു.ഡി.എഫ്. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

അന്‍വര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രശ്നത്തില്‍ യു.ഡി.എഫിന് എതിര്‍പ്പില്ലെന്നും പുതിയ വനനിയമ ഭേദഗതി സര്‍ക്കാര്‍ പുനരാലോചിക്കണമെന്നാണ് അഭിപ്രായമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം, അന്‍വറിനെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ആണ് പ്രതികരിക്കേണ്ടതെന്നും തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ അധികാരത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും യു.ഡി.എഫ്. ചെയ്യുമെന്നും അതിന് ഉതകുന്ന തീരുമാനങ്ങളാവും ഉണ്ടാവുക എന്നും തങ്ങള്‍ പറഞ്ഞു.

വനനിയമത്തിലെ ഭേദഗതി കുറച്ച് സങ്കീര്‍ണമാണ്. അക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടാകേണ്ടത്. അതിലെ സങ്കീര്‍ണതകള്‍ പരിഹരിക്കേണ്ടതുണ്ട്. വനമേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അധികാരത്തില്‍ വരണമെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം യു.ഡി.എഫ്. ചെയ്യും. 10 വര്‍ഷമായി യു.ഡി.എഫ്. അധികാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇനിയും അത് തുടരാനാവില്ല. അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും യു.ഡി.എഫിന്റെ തീരുമാനങ്ങളില്‍ ഉണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു.

 

 

പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട്;
സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *