കോഴിക്കോട്: കുടിശ്ശിക വര്‍ദ്ധന കാരണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണംനിര്‍ത്തുമെന്ന് മൊത്ത വിതരണക്കാര്‍. ഒന്‍പതുമാസത്തെ കുടിശ്ശികയായി മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കാനുള്ള 80 കോടി രൂപയാണെന്നും , അത് നല്‍കിയില്ലെങ്കില്‍ ജനുവരി 10 മുതല്‍ വിതരണം നിര്‍ത്തുമെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ.) അറിയിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ന്യായവില മരുന്നുവില്‍പ്പനകേന്ദ്രം ഓഫീസര്‍ ഇന്‍ ചാര്‍ജ്, മെഡിക്കല്‍ കോളേജ് അക്കൗണ്ട് ഓഫീസര്‍ എന്നിവര്‍ക്ക് വിതരണം നിര്‍ത്തുന്നത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ടെന്ന് എ.കെ.സി.ഡി.എ ജില്ലാ സെക്രട്ടറി സി. ശിവരാമന്‍ പറഞ്ഞു.
ടെന്‍ഡറിലൂടെയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുവിതരണത്തിനായുള്ള ന്യായവില മരുന്ന് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് വ്യാപാരികള്‍ മരുന്ന് നല്‍കുന്നത്.കുറഞ്ഞനിരക്കില്‍ മരുന്ന് നല്‍കിയയിനത്തില്‍തന്നെ 90 കോടി രൂപയിലേറെ നല്‍കാനുണ്ട്. മരുന്നു വിതരണം നിലയ്ക്കുന്നതോടെ ആശുപത്രിയിലെ ദൈനംദിന പ്രവര്‍ത്തനം താളംതെറ്റും. ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണക്കാര്‍ക്കും കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ട്. കഴിഞ്ഞവര്‍ഷം സമാനരീതിയില്‍ വലിയതോതില്‍ കുടിശ്ശിക ഉയര്‍ന്നപ്പോള്‍ സമരപ്രഖ്യാപനം നടത്തിയതിനെത്തുടര്‍ന്ന് 30 ശതമാനംമാത്രം നല്‍കിയാണ് സമരത്തില്‍നിന്ന് വ്യാപാരികളെ പിന്തിരിപ്പിച്ചത്. ഇത്തവണ അതിന് തയ്യാറാല്ലെന്നും വ്യാപാരികള്‍ അറിയിച്ചു.