ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട കിടിലന്‍ ഓഫറുകളുമായി ഡല്‍ഹി കോണ്‍ഗ്രസ്. എഎപിയെയും ബിജെപിയെയും മറികടക്കുന്ന ഓഫറുകളാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുവാന്‍ പോകുന്നത്. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ, ആരോഗ്യ ഇന്‍ഷുറന്‍സ്, വിലക്കയറ്റം ചെറുക്കാന്‍ റേഷന്‍ കിറ്റ് ഉള്‍പ്പെടെ നല്‍കുന്നതാണ് വാഗ്ദാനങ്ങള്‍.കോണ്‍ഗ്രസ് ഇന്നു മുതല്‍ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും അണിനിരത്തി വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ഇന്ന് ഡല്‍ഹിയില്‍ പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തും. ഘട്ടം ഘട്ടമായി വാഗ്ദാനങ്ങള്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഓരോ ദിവസങ്ങളിലായി വാഗ്ദാനങ്ങള്‍ അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് സൂചിപ്പിച്ചു.
എഎപി നല്‍കുന്ന 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതി ഇരട്ടിയാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കുന്ന പദ്ധതിയും ആലോചനയിലുണ്ട്. ഇതിനു പുറമേ, അപ്രന്റിസ് പരിശീലന പരിപാടി, നൈപുണ്യ വികസനം തുടങ്ങിയവയും പ്രഖ്യാപിക്കും. 2025 ലക്ഷം രൂപയുടെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് കവറേജാണ് ആലോചനയിലുള്ള മറ്റൊരു പദ്ധതിയെന്നും റിപ്പോര്‍ട്ടുണ്ട്.