ന്യൂഡല്‍ഹി: വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് വിവിധനിറത്തിലുള്ള ഹോളോഗ്രാം സ്റ്റിക്കറുകള്‍ നടപ്പിലാക്കിയത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
വാഹനത്തിലെ ഇന്ധനം, മോഡല്‍ തുടങ്ങിയവ വ്യക്തമാക്കുന്ന ഹോളോഗ്രാം സ്റ്റിക്കറുകള്‍ 2018 മുതലാണ് ഡല്‍ഹിയില്‍ നിര്‍ബന്ധമാക്കിയത്.പെട്രോള്‍, സി.എന്‍.ജി. വാഹനങ്ങള്‍ക്ക് നീലയും ഡീസല്‍ വാഹനങ്ങള്‍ക്ക് ഓറഞ്ചും നിറത്തിലുള്ള സ്റ്റിക്കറുകളാണ് മുന്‍ഭാഗത്തെ ചില്ലില്‍ പതിക്കുന്നത്. ഇതുവഴി പരിശോധന നടത്തുന്നവര്‍ക്ക് വാഹനത്തിന്റെ ഇന്ധനം, പഴക്കം, ബാക്കിയുള്ള കാലാവധി എന്നിവ വ്യക്തമാകും.
ഡല്‍ഹിക്കുപുറത്തും ഈ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് കേസില്‍ ജനുവരി 15-ന് വാദം നടക്കും.