കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷിക്കണമെന്ന നവീന്‍ ബാബുവിന്റെ ഭാര്യയുടെ ആവശ്യം ഹൈക്കോടതി തള്ളി. പകരം കണ്ണൂര്‍ ഡിഐജി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി പ്രത്യേകാനേഷ്വണ സംഘം യഥാ സമയങ്ങളില്‍ ഹര്‍ജിക്കാരെ അറിയിക്കണം. എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ഡിജിപിക്കു സമര്‍പ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്ന് വ്യക്തമാക്കിയാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തീര്‍പ്പാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണു കോടതി തീരുമാനം. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ്14നു കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ സ്ഥലത്തെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ ഗസ്റ്റ് ഹൗസില്‍ കാണുന്നത്. ആത്മഹത്യക്കു പിന്നില്‍ അഴിമതി ആരോപണമാണെന്ന പരാതികള്‍ ഉയര്‍ന്നതോടെ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇത് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ചു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിക്കുകയും കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുകയുമായിരുന്നു.
നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണോ എന്നതില്‍ സംശയമുണ്ട് എന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത തള്ളിക്കളയാനാകില്ല എന്നും ഹര്‍ജിയില്‍ കുടുംബം പറഞ്ഞിരുന്നു. കുടുംബം എത്തുന്നതിനു മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെങ്കിലും അതുണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവീന്‍ ബാബുവിനു കൈക്കൂലി നല്‍കിയെന്ന പ്രശാന്തന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയില്ലെന്നും തെളിവുകള്‍ കുഴിച്ചുമൂടി പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാന്‍ അന്വേഷണസംഘം സാഹചര്യമൊരുക്കുകയാണു ചെയ്യുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബുവിനെ കണ്ടത് ആരൊക്കെ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പോസ്റ്റുമോര്‍ട്ടം ശരിയായ രീതിയിലല്ല നടന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല എന്നും കുടുംബം വാദിച്ചു.
പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ദിവ്യയെ സംരക്ഷിക്കും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. ദിവ്യ ജാമ്യം ലഭിച്ചു ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ പോയത് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണെന്നും പ്രബലരാണു കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നതിനാല്‍ നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണു പുരോഗമിക്കുന്നത് എന്ന് സര്‍ക്കാര്‍ വാദിച്ചു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയില്ല എന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണു ഹര്‍ജിയിലെ ആരോപണങ്ങള്‍ എന്നും കൊലപാതക സാധ്യതയടക്കം പ്രത്യേക അന്വേഷണസംഘം പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനൊപ്പം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനു പകരം കണ്ണൂര്‍ ഡിഐജിക്ക് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു.
അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ആശങ്കപ്പെടാന്‍ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോ എന്നുംനവീന്‍ ബാബുവിന്റേത് കൊലപാതകമെന്നു സംശയിക്കാന്‍ എന്താണു കാരണമെന്നും കോടതി ആരാഞ്ഞിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ തെളിവ് വേണമെന്ന് അഭിപ്രായപ്പെട്ട കോടതി ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ എന്നും ആരാഞ്ഞിരുന്നു. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷിക്കാന്‍ തയ്യാറാണ് എന്ന് സിബിഐയും അറിയിച്ചിരുന്നു. അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നാണ് തങ്ങള്‍ പരിശോധിക്കുന്നത് എന്നും കോടതി വ്യക്തമാക്കി.
നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല