കോഴിക്കോട്: ഇത് മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ലക്ഷ്യമെന്നും മുഖ്യമന്ത്രി ആരെന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സമയമിതല്ല അതിന് ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ ഉളളവര്‍ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
എല്ലാ സമുദായങ്ങളുമായി തനിക്ക് നല്ല ബന്ധമാണെന്നും അത് എന്നും അങ്ങിനെതന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് വമ്പിച്ച വിജയം ഉണ്ടാക്കാന്‍ കഴിയണം.കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രധാനപ്പെട്ട ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണ്.
ഒന്നാം പിണറായി സര്‍ക്കാരുമായി തട്ടിച്ചുനോക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ദുരന്തമാണ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് സര്‍ക്കാരിനെ മാറ്റാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങളെയും വ്യക്തികളെയും ചേര്‍ത്തുനിര്‍ത്തുന്ന പാര്‍ട്ടിയാണ്. മതനിഷേധം ഇല്ല. എല്ലാമതങ്ങളുമായും സമുദായങ്ങളുമായി നല്ല ബന്ധമാണ്. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.ഇപ്പോള്‍ സിപിഎം ഹിന്ദുകാര്‍ഡ് പുറത്തെടുക്കുകയാണ്. കഴിഞ്ഞ തവണ മുസ്ലീം കാര്‍ഡ് എടുത്ത് പരാജയപ്പെട്ടു. അതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.