കോഴിക്കോട്: ചോദ്യക്കടലാസല്ലേ ചോര്‍ന്നുള്ളൂ ഉത്തരക്കടലാസ് ചോര്‍ന്നില്ലല്ലോ എന്നു ചോദിക്കുന്ന ആളാണ് വിദ്യാഭ്യാസ മന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പരീക്ഷ സത്യസന്ധമായും സുതാര്യമായും നടത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ചോദ്യക്കടലാസ് ചോര്‍ച്ചയ്ക്കു പിന്നില്‍ നിഗൂഢ സംഘം നിക്ഷിപ്ത താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്നു. ചോദ്യക്കടലാസ് കുട്ടികള്‍ക്കു കിട്ടുന്നതിന് മുന്‍പ് മറ്റുള്ളവര്‍ക്കു കിട്ടുന്നു. വി.ശിവന്‍കുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലില്‍ കെട്ടി അടിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫിസിനു മുന്നില്‍ ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ചോദ്യങ്ങളും ചോര്‍ത്തും. അതിനാല്‍ എത്ര പ്രബലര്‍ ആയാലും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഈ സര്‍ക്കാരില്‍നിന്ന് അതു പ്രതീക്ഷിക്കുന്നില്ല. പിഎസ്സി പരീക്ഷ എഴുതാത്തവന് ഒന്നാം റാങ്ക് നല്‍കിയ സര്‍ക്കാരാണിതെന്നും ചെന്നിത്തല ആരോപിച്ചു.ഏതെങ്കിലും കേസ് അന്വേഷണം വൈകിപ്പിക്കണമെങ്കില്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചാല്‍ മതി. അതില്‍ ഉദ്യോഗസ്ഥരോ അന്വേഷണത്തിനാവശ്യമായ സൈകര്യങ്ങളുമില്ല.മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച അനവസരത്തിലുള്ളതാണ്. തദ്ദേശ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവേണ്ടത്. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ടതില്ല. എല്ലാ മത, സാമുദായിക സംഘടനകളുമായി കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളത്.
ചോദ്യക്കടലാസല്ലേ ചോര്‍ന്നുള്ളൂ ഉത്തരക്കടലാസ് ചോര്‍ന്നില്ലല്ലോ
എന്നു ചോദിക്കുന്നയാളാണ് വിദ്യാഭ്യാസമന്ത്രി; രമേശ് ചെന്നിത്തല