ബെയ്ജിങ്: ചൈനയില്‍ പടരുന്ന എച്ച്എംപിവി വൈറസ് മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമോ?എന്ന ആശങ്കയിലാണ് ലോകം. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയില്‍ പടര്‍ന്നു പിടിക്കുന്നുണ്ടെങ്കിലും ലോകാരോഗ്യ സംഘടന ഇതുവരെ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അതേസമയം, ചൈനയുടെ അയല്‍ രാജ്യങ്ങളില്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോങ്കോങ്ങിലും എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ രോഗം പടരാതിരിക്കാനുള്ള സാധ്യതകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. എല്ലാ പ്രായത്തിലുള്ളവര്‍ക്കും പിടിപെടും. എന്നാലും പ്രായമായവരിലും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുക. 2001ലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു പുതിയ രോഗമല്ലെന്നും മുന്‍പ് തന്നെ ലോകത്തിന്റെ പലയിടങ്ങളിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നു. അതുകൊണ്ടുതന്നെ എച്ച്എംപിവിയെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല.
തണുപ്പ് കാലത്താണ് രോഗം പടരാന്‍ സാധ്യത. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവിക്കും സാധാരണയായി ഉണ്ടാവുക. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്. പ്രതിരോധ ശേഷി കുറഞ്ഞവരില്‍ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. 3 മുതല്‍ 6 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. (രോഗാണു ശരീരത്തില്‍ കയറിയത് മുതല്‍ രോഗലക്ഷണം കാണിക്കുന്നതു വരെയുള്ള സമയം). കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ തെറപ്പിയോ മുന്‍കരുതല്‍ വാക്‌സീനോ ഇല്ല.