സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നാളെ തുടക്കം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നാളെ തുടക്കം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നാളെ തലസ്ഥാനത്ത് തുടക്കമാവും. ഇന്ന് രണ്ടു മണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ആദ്യ ബാച്ച് കുട്ടികളെ അധികൃതര്‍ സ്വീകരിക്കും. 25 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പതിനയ്യായിരത്തോളം കുട്ടികളാണു മാറ്റുരയ്ക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണ വൊളന്റിയേഴ്സ് ആയി എത്തുന്ന കുട്ടികള്‍ക്കു മന്ത്രി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നല്‍കും. റജിസ്ട്രേഷന്റെ ഉദ്ഘാടനം വി.ശിവന്‍കുട്ടി രാവിലെ എസ്എംവി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു.

മത്സരാര്‍ഥികള്‍ക്ക് 253 സ്‌കൂളുകളിലായാണു താമസം ഒരുക്കിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസ സൗകര്യമുണ്ട്. 10 സ്‌കൂളുകള്‍ റിസര്‍വായും കരുതിയിട്ടുണ്ട്. എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ 2 ഷിഫ്റ്റായി ഡ്യൂട്ടിക്ക് നിയോഗിച്ചു. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളില്‍ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും. എല്ലാ കേന്ദ്രങ്ങളിലും മത്സരവേദികള്‍, റൂട്ട്മാപ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
പുത്തരിക്കണ്ടം മൈതാനിയില്‍ കലോത്സവത്തിന്റെ പാചകപ്പുര സജീവമായി. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 100 പേരുടെ സംഘമാണു പാചകത്തിനുള്ളത്. ഒരേസമയം 4000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ അത്താഴം മുതലാണ് ഭക്ഷണം വിളമ്പിത്തുടങ്ങുക. രാവിലെ മന്ത്രിയുടെ സാന്നിധ്യത്തില്‍ പാലുകാച്ചല്‍ നടന്നു. തുടര്‍ന്നു ചക്കയും ഗോതമ്പും ശര്‍ക്കരയും ചേര്‍ത്തുള്ള രുചികരമായ പായസം വിളമ്പി. മേയര്‍ ആര്യ രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കലക്ടര്‍ അനുകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളടക്കം സംഭാവന ചെയ്തസദ്യയ്ക്കുള്ള പാചക വിഭവങ്ങള്‍ കലവറയില്‍ നിറച്ചു. 12 ബിആര്‍സികളില്‍ ശേഖരിച്ച ശേഷം ഇവിടെ എത്തിക്കുകയായിരുന്നു. അരി, നാളികേരം, പഞ്ചസാര, തേയില എന്നിവയാണു കൂടുതലും സംഭാവനയായി ലഭിച്ചത്. മറ്റു പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയുമുണ്ട്. നാളെ മുതല്‍ സദ്യ പൂര്‍ണ തോതിലാകും. ഉച്ചഭക്ഷണം 20,000 പേര്‍ക്കും പ്രഭാത, രാത്രി ഭക്ഷണം 10,000 പേര്‍ക്കു വീതവുമാണ് ഒരുക്കുന്നത്.

8 വര്‍ഷത്തിനു ശേഷമാണു തലസ്ഥാന നഗരയില്‍ സ്‌കൂള്‍ കലോത്സവം എത്തുന്നത്. കലോത്സവത്തില്‍ കിരീടമണിയുന്ന ജില്ലയ്ക്കു സമ്മാനിക്കുന്ന 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പിന് ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ ഇന്ന് സ്വീകരണം നല്‍കും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് കപ്പിന്റെ 4 ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം കലാകിരീടമണിഞ്ഞ കണ്ണൂര്‍ ജില്ലയിലാണു കപ്പ് സൂക്ഷിച്ചിരുന്നത്.

 

 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നാളെ തുടക്കം

 

Share

Leave a Reply

Your email address will not be published. Required fields are marked *