കൊച്ചി: കായികമേളയില്‍ സ്‌കൂളുകളെ വിലക്കിയത് വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുക.സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമയത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ടു സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്.വളരെ മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ട കായികമേളയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പാകപ്പിഴകളുടെ പേരില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിലേക്കും ഇപ്പോള്‍ വിലക്കിലേക്കും വരെ നീങ്ങിയിരിക്കുന്നത്. അത്ലറ്റിക്‌സിലെ സ്‌കൂള്‍ തല ചാംപ്യന്‍പട്ടത്തിന് ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളുകളെ കൂടി പരിഗണിച്ചതാണു പ്രതിഷേധം ഉയരാന്‍ ഇടയാക്കിയത്. സ്‌പോര്‍ട്‌സ് സ്‌കൂളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പരിതാപകരമായ സാഹചര്യങ്ങളിലാണു ജനറല്‍ സ്‌കൂളുകള്‍ തങ്ങളുടെ വിദ്യാര്‍ഥികളെ കായിക ഇനങ്ങള്‍ക്കായി തയാറെടുപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പോയിന്റ് നില പരിഗണിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളെ ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം പരിഗണിക്കാറുമുണ്ടായിരുന്നില്ല. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ഇത്തവണത്തെ മേളയുടെ സമാപന സമയത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ മലപ്പുറം തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ്, കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് എന്നിവയ്ക്കാണു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കണ്‍മുന്നില്‍ നടക്കുന്നത് അനീതിയാണെന്ന തോന്നലില്‍നിന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് എന്ന് അധ്യാപകരടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിന് ഇടയാക്കിയതാവട്ടെ, കായികമേള നടത്തിപ്പുകാരുടെ പിടിപ്പുകേടും.വിദ്യാഭ്യാസ, കായിക വകുപ്പുകളിലെ ഉദ്യോഗസ്ഥ ധാര്‍ഷ്ട്യമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കിയതും ഇപ്പോള്‍ വിലക്കിനു കാരണവുമെന്നാണു പൊതുവെ ഉയരുന്ന വിമര്‍ശനം. അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ തന്നെ വൈകാരികമായി പ്രതികരിച്ച കുട്ടികളുടെ ഭാവിയെങ്കിലും ഇത്തരമൊരു വിലക്ക് പ്രഖ്യാപിക്കുന്നതിനു മുന്‍പ് കണക്കിലെടുക്കണമായിരുന്നു എന്നും അഭിപ്രായമുയരുന്നുണ്ട്.
പോയിന്റ് നില പരിഗണിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളെ പരിഗണിക്കുമെന്ന കാര്യം സമാപന സമയം വരെ അധികൃതര്‍ മിണ്ടിയിട്ടില്ല.ഇതേ രീതിയില്‍ തന്നെയായിരുന്നു വെബ്‌സൈറ്റിലും പോയിന്റ് നില ഉണ്ടായിരുന്നത്. ഇതു വിശ്വസിച്ചു സമ്മാനം പ്രതീക്ഷിച്ചു നിന്ന കുട്ടികളെ നിരാശയിലാക്കുന്നതായിരുന്നു വകുപ്പുകളുടെ നടപടി. തുടര്‍ന്നാണു പ്രതിഷേധം ഉടലെടുത്തതും. തങ്ങളുടെ പിഴവിനു വിദ്യാര്‍ഥികളെ ഒരു തവണ ശിക്ഷിച്ചതിനു പിന്നാലെ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഇരട്ട പ്രഹരം നടത്തിയിരിക്കുകയാണ് അധികൃതര്‍ എന്നാണ് അധ്യാപകരടക്കമുള്ളവരുടെ വിമര്‍ശനം.
കായികമേളയില്‍ സ്‌കൂളുകളെ വിലക്കിയത്;
ബാധിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ