പട്‌ന: റെയില്‍ പാളത്തിലിരുന്ന് ഇയര്‍ഫോണ്‍വച്ച് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ 3 കൗമാരക്കാര്‍ ട്രെയിനിടിച്ചു ദാരുണമായി കൊല്ലപ്പെട്ടു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാഴാഴ്ചയാണു സംഭവം. ഫര്‍ക്കാന്‍ അലം, സമീര്‍ അലം, ഹബീബുല്ല അന്‍സാരി എന്നിവരാണു മരിച്ചത്. നര്‍കട്ടിയാഗഞ്ച്-മുസഫര്‍പുര്‍ റെയില്‍വേ പാളത്തില്‍ മുഫസില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മന്‍സ ടോളയിലെ റോയല്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം.മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി.
ഇയര്‍ഫോണ്‍ ഉപയോഗിച്ചിരുന്ന 3 പേരും ട്രെയിനിന്റെ ശബ്ദം ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ഞെട്ടലില്‍ നൂറുകണക്കിനു നാട്ടുകാരാണു സംഭവസ്ഥലത്തേക്ക് എത്തിയത്.കൗമാരക്കാരുടെ ശ്രദ്ധയില്ലാത്ത ഗെയിം കളിയും അപകടസ്ഥലത്തെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. കുട്ടികള്‍ റെയില്‍വേ പാളത്തില്‍ ഇരുന്ന് മൊബൈല്‍ ഫോണുകളില്‍ ഗെയിം കളിച്ചെന്നാണു പ്രാഥമിക നിഗമനം.സദര്‍ സബ്-ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ വിവേക് ദീപ്, റെയില്‍വേ പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.