കോഴിക്കോട്: എം.ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നടന്‍ മമ്മൂട്ടി സിതാരയിലെത്തി.. എം.ടിയുടെ മരണ സമയത്ത് അസര്‍ബൈജാനില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടിക്ക് എം.ടിയുടെ. സംസ്‌കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. നടന്‍ പിഷാരടിക്കൊപ്പമാണ് അദ്ദേഹം കോഴിക്കോട് നടക്കാവിലെ എം.ടിയുടെ വസതിയിലെത്തിയത്.യാത്രാപ്രശ്‌നം നേരിട്ടതിനെത്തുടര്‍ന്നാണ് മമ്മൂട്ടിക്ക് നാട്ടില്‍ എത്താന്‍ അന്ന് സാധിക്കാതിരുന്നത്. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയായ സിതാരയിലേക്കാണ് എത്തിയത്.
എം.ടിയുടെ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ് സിനിമയില്‍ മമ്മുട്ടിയുടെ തുടക്കം. എം.ടിയുടെ നിരവധി കഥാപാത്രങ്ങള്‍ക്കും വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ നടനാണ് മമ്മൂട്ടി. അവസാന ദിവസങ്ങളിലടക്കം മമ്മൂട്ടിയും എം.ടിയും തമ്മിലുള്ള ബന്ധം പൊതുവേദികളിലടക്കം പ്രകടമായിരുന്നു.
എം.ടിയുടെ ഹൃദയത്തില്‍ ഇടം കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് സമൂഹമാധ്യമത്തില്‍ മമ്മൂട്ടി കുറിച്ചിരുന്നു. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയില്‍ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന എം.ടിയുടെ ചിത്രവും അന്ന് പങ്കുവച്ചിരുന്നു.