വിസ്മയച്ചുവടുകളുമായി കക്കാട് ജി.എല്‍.പി സ്‌കൂള്‍

വിസ്മയച്ചുവടുകളുമായി കക്കാട് ജി.എല്‍.പി സ്‌കൂള്‍

പുതുവര്‍ഷത്തില്‍ ഒപ്പന മത്സരവും ലഹരിക്കെതിരേ ഫുട്ബോളും

മുക്കം: പാഠ്യ-പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ വിസ്മയച്ചുവടുകളുമായി കക്കാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടു വയ്ക്കുന്ന സ്‌കൂളില്‍ പുതുവര്‍ഷത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്‌കൂള്‍ പി.ടി.എ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

‘ആരോഗ്യമുള്ള ശരീരം, ലഹരിമുക്ത ജീവിതം’ എന്ന സന്ദേശത്തില്‍ മുക്കം ഉപജില്ലയിലെ വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ചുള്ള ലഹരിക്കെതിരെയുള്ള രണ്ടാമത് ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 18ന് ശനിയാഴ്ച രാവിലെ ഏഴു മുതല്‍ കക്കാട് തൂക്കുപാലത്തോട് ചേര്‍ന്നുള്ള മംഗലശ്ശേരി മൈതാനിയില്‍ നടക്കും. ടൂര്‍ണമെന്റിലേക്കുള്ള ടീമുകള്‍ അന്തിമമാക്കിയ യോഗം ഫിക്സ്ചര്‍ പ്രകാശനം ഉടനെ നടത്താനും തീരുമാനിച്ചു.

പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള സ്‌കൂളിലെ കുട്ടികള്‍ക്കുള്ള അരലക്ഷത്തിലേറെ രൂപയുടെ എന്‍ഡോവ്മെന്റ് സമര്‍പ്പണവും സ്‌കൂളിന്റെ 67-ാം വാര്‍ഷികാഘോഷവും ജനുവരി 24, 25 തിയ്യതികളില്‍ നടത്തും. 25ന് പരിസര പ്രദേശങ്ങളിലെ കെ.ജി, എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒപ്പന മത്സരം നടത്താനും സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ യോഗം തീരുമാനിച്ചു.

പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി സെക്ഷനിലും നടത്തുന്ന ഒപ്പന മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001, 3001, 1001 രൂപ പ്രൈസ് മണി നല്‍കും. എല്‍.പി സെക്ഷനിലെ ജേതാക്കള്‍ക്കും യഥാക്രമം 5001, 3001, 1001 രൂപ പ്രൈസ് മണി നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്ന സ്‌കൂള്‍ ടീമുകള്‍ ജനുവരി എട്ടിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് 9946774387, 9562021723 എന്നി നമ്പറുകളില്‍ വിളിക്കണമെന്ന് പി.ടി.എ പ്രസിഡന്റ് (9846754140) അറിയിച്ചു.

സ്‌കൂള്‍ ക്ലാസ് പി.ടി.എയും രക്ഷാകര്‍തൃ ശില്‍പശാലയും ജനുവരി പത്തിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ശില്‍പശാലയില്‍ എഫക്ടീവ് പാരന്റിംഗ് എന്ന സെഷനില്‍ മോട്ടിവേറ്റര്‍ ഹമീദ് ചൂലൂര്‍ ക്ലാസെടുക്കും.

ഈമാസം 18ന് മംഗലശ്ശേരി മൈതാനിയില്‍ നടക്കുന്ന ഉപജില്ലയിലെ വിവിധ സ്‌കൂള്‍ ടീമുകളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരേയുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു.

മുക്കത്തെ കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനമാണ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്കും റണ്ണേഴ്സിനുമുള്ള ട്രോഫികള്‍ സമ്മാനിക്കുക. വിജയികള്‍ക്ക് റസാസ് ഫുഡ് പ്രൊഡക്ട് കമ്പനി നല്‍കുന്ന 5001 രൂപയുടെ വിന്നേഴ്സ് പ്രൈസ് മണിയും റണ്ണേഴ്സിന് മുക്കത്തെ ചാലിയാര്‍ ഏജന്‍സീസ് നല്‍കുന്ന 3001 രൂപയുടെ പ്രൈസ് മണിയും സമ്മാനിക്കും.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനും ടോപ് സ്‌കോറര്‍ക്കും മികച്ച സ്റ്റോപ്പര്‍ ബാക്കിനുമുള്ള സോയോ ബാത്ത് വെയര്‍ നല്‍കുന്ന മുവ്വായിരം രൂപയുടെ ട്രോഫികളും മെഡലുകളും ചടങ്ങില്‍ സമ്മാനിക്കും. പ്രാഥമിക റൗണ്ടിലെ മാന്‍ ഓഫ് ദി മാച്ചിനുള്ള ട്രോഫിയും ടീം മെഡലും ഗ്രൗണ്ട് സീറോ മുക്കം സമ്മാനിക്കും.

രാവിലെ ഏഴിന് ആരംഭിക്കുന്ന ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം മാനേജര്‍ക്കും സമാപന ചടങ്ങില്‍ ഉപഹാരം സമ്മാനിക്കും. ജയപരാജയം പരിഗണിക്കാതെ മുന്‍വര്‍ഷത്തെ പോലെ മത്സരത്തില്‍ മാറ്റുരക്കുന്ന എല്ലാ ടീം അംഗങ്ങള്‍ക്കും ഇത്തവണയും മെഡലുകള്‍ സമ്മാനിക്കും.

രണ്ടാം ഘട്ട ഫണ്ടിനുള്ള കാത്തിരിപ്പിനോടൊപ്പം സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ യു.പി സ്‌കൂളാക്കണമെന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നം പൂവണിയാനുള്ള കഠിന പ്രയത്നത്തിലാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂളില്‍ വര്‍ണക്കൂടാരം പണിയാനുള്ള പദ്ധതിയുടെ 75 ശതമാനം തുകയും ഇതിനകം സ്‌കൂളിന് ലഭിച്ചിട്ടുണ്ടെന്നും ഹൈടെക് കെട്ടിടം പൂര്‍ത്തിയായ ശേഷം വര്‍ണക്കൂടാരം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

 

 

വിസ്മയച്ചുവടുകളുമായി കക്കാട് ജി.എല്‍.പി സ്‌കൂള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *