കോഴിക്കോട്. മനുസ്മൃതി ചുട്ടെരിച്ചുകൊണ്ടാണ് ഡോ.ബി.ആര്‍.അംബേദ്കര്‍ ആധുനിക ഇന്ത്യയുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയതെന്നും മനുസ്മൃതിയെ ആരാധിക്കുന്നവരാണ് അംബേദ്കറെ നിരന്തരം അപമാനിക്കുന്നതെന്നും കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ പി.രാമഭദ്രന്‍. കെ. ഡി. എഫ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന ജനാധിപത്യ മതേതര രാജ്യമായി ഇന്ത്യയെ രൂപപ്പെടുത്തിയത് ഭരണഘടനയാണ്. ഇത്തരമൊരു ഭരണഘടന രൂപപ്പെടുത്തിയതില്‍ രാജ്യവും ജനങ്ങളും എക്കാലവും അംബേദകറോട് കടപ്പെട്ടവരാണ്. എന്നാല്‍, മനുസ്മൃതിയും ചാതുര്‍വര്‍ണ്ണ്യവും നടപ്പിലാക്കണം എന്നാഗ്രഹിക്കുന്നവര്‍ അന്നും ഇന്നും അംബേദ്കറിന് എതിരാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ നേരിട്ടിറങ്ങി അംബേദ്കറെ അപമാനിച്ചത് ഇതിന് തെളിവാണ്. മുഴുവന്‍ ജനങ്ങളെയും ഒരേ മാനവികതയോടെ കണ്ടിരുന്നയാളാണ് അംബേദ്കര്‍. അതിനാലാണ് ജനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ ഭരണഘടനയിലൂടെ അദ്ദേഹം ഉറപ്പാക്കിയത്. അദ്ദേഹത്തെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനയെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരുടേതാണെന്നും പി.രാമഭദ്രന്‍ പറഞ്ഞു.
കെ.ഡി.എഫ് ജില്ലാ സെക്രട്ടറി സി.കെ.മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഐവര്‍കാല ദിലീപ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.പി.റുഫാസ്, ജില്ലാ വൈസ് പ്രസിഡന്റ് ദാമോദരന്‍ കോഴഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അംബേദ്കറെ അപമാനിക്കുന്നവര്‍ മനുസ്മൃതിയെ
ആരാധിക്കുന്നവര്‍; പി.രാമഭദ്രന്‍