ഹോളിവുഡിലെ താരദമ്പതിമാരായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹ മോചിതരാകുന്നു.എട്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചന കരാറിലെത്തിയത്.. ഇരുവരും ഡിസംബര്‍ 30-ന് വിവാഹമോചന കരാറില്‍ ഒപ്പുവച്ചതായി ആഞ്ജലീനയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. 2016-ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അഭിഭാഷകന്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവാഹിതരായി രണ്ടുവര്‍ഷത്തിനുശേഷം പിറ്റില്‍ നിന്ന് വിവാഹമോചചനം ആവശ്യപ്പെട്ട് ആഞ്ജലീന കോടതിയിലെത്തി. 2016-ല്‍ വേര്‍പിരിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടവും തുടങ്ങിയിരുന്നു. തങ്ങള്‍ക്കിടയിലെ വിയോജിപ്പുകളുടെ കാരണം താരതമ്യേന രഹസ്യമാക്കിവെക്കാനാണ് ഇരുവരും ശ്രമിച്ചത്.മാനസികമായും ശാരീരികമായും തന്നേയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചുവെന്നും മക്കളുടെ മുന്നില്‍ അധിക്ഷേപിച്ചുവെന്നും ജോളി ആരോപിച്ചിരുന്നു. മക്കളില്‍ ഒരാളെ ശ്വാസംമുട്ടിച്ചുവെന്നും മറ്റൊരാളുടെ മുഖത്തടിച്ചെന്നും തങ്ങളുടെ മേല്‍ ബിയര്‍ ഒഴിച്ചുവെന്നും നടി വ്യക്തമാക്കിയിരുന്നു.
2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വൈകാതെ അവര്‍ പങ്കാളികളാവുകയും ഒന്നിച്ച് താമസം തുടങ്ങുകയും ചെയ്തു. അന്ന് വിവാഹിതരായിരുന്നില്ലെങ്കിലും ഹോളിവുഡിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ദമ്പതിമാരായിരുന്നു അവര്‍. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു.