സന്തോഷ് ട്രോഫി ഫുട്ബോളിന്റെ കലാശപ്പോരില്‍ കേരളം ബംഗാളിനെ നേരിടാനൊരുങ്ങുന്നു.ഇന്ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് കിരീടപ്പോരാട്ടം.കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്. ബംഗാളിന്റെ അക്കൗണ്ടില്‍ 32 കിരീടമുണ്ട്. കേരളത്തിന് ഏഴു വിജയങ്ങളും. ഇത്തവണ അപരാജിതരായിട്ടാണ് കേരളം ഫൈനല്‍ കളിക്കാനിറങ്ങുന്നത്. ഇന്ന് വിജയം കേരളത്തിനൊപ്പമെത്തിയാല്‍ 8-ാമത്തെ കിരീടമാവും.
സന്തോഷ് ട്രോഫി ചരിത്രത്തില്‍ നാലുതവണ മാത്രമാണ് കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത്.ഈ നാലു ഫൈനലുകളും തീരുമാനമായത് ഷൂട്ടൗട്ടിലൂടെയാണ് എന്നത് ശ്രദ്ധേയമാണ്.
പ്രതിരോധതാരം എം. മനോജിനു സെമിയില്‍ റെഡ് കാര്‍ഡ് കിട്ടിയതാണ് കേരളത്തിനു തിരിച്ചടിയായത്. ഫൈനലില്‍ ക്യാപ്റ്റന്‍ ജി. സഞ്ജുവിനൊപ്പം മനോജിന്റെ അഭാവം എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയാം.
സെമിയില്‍ പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടിയ പി.പി. മുഹമ്മദ് റോഷല്‍ രണ്ടാം പകുതിയില്‍ തന്നെയാവും ഇറങ്ങുക. 5-4-1 എന്നതാകും ടീം ശൈലി. അജ്‌സല്‍ ഏക സ്‌ട്രൈക്കറായി കളിക്കും. നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് അഷ്‌റഫ് എന്നിവരാകും മധ്യനിരയില്‍. നരോ ഹരി ശ്രേഷ്ഠ, റോബി ഹന്‍സ്ഡ എന്നീ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരാണ് ബംഗാളിന്റെ കുന്തമുനകള്‍. കേരളത്തിനു കളി കഠിനമാകും. പന്ത് തട്ടിയെടുത്ത് കുതിക്കാന്‍ ഹന്‍സ്ഡയ്ക്കു പ്രത്യേക കഴിവുണ്ട്.