കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ടൗണ്‍ ഷിപ്പ് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് മാനേജുമെന്റുകള്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തളളി.അടുത്ത ദിവസം മുതല്‍ സര്‍ക്കാരിന് ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി എസ്റ്റേറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചു. ഇതോടെ സര്‍ക്കാരിന് മുന്നിലുള്ള വലിയൊരു തടസം നീങ്ങി.
ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുളള നെടുമ്പാല എസ്റ്റേറിലെ 65.41 ഹെക്ടറും എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78 ഹെക്ടറുമാണ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദുരന്ത നിവാരണ നിയമം പ്രകാരം നടപടികള്‍ സ്വീകരിക്കാം. എന്നാല്‍, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുക്കും മുമ്പ് നഷ്ടപരിഹാരം കൊടുത്തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തുകയില്‍ എതിര്‍പ്പുണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് തുടര്‍ നിയമ നടപടി സ്വീകരിക്കാം. ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി സര്‍ക്കാരിന് ആവശ്യമെങ്കില്‍ അടുത്ത ദിവസം മുതല്‍ അളക്കാം.ഏറ്റെടുക്കുന്ന ഭൂമയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിലും ഹൈക്കോടതി ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം കൈപ്പറ്റാമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് പിന്നീട് സിവില്‍ കോടതി കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തുക തിരികെ നല്‍കണമെന്നും അക്കാര്യം സമ്മതിച്ച് സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവിലുണ്ട്.