തിരുവനന്തപുരം: പത്രവായനയുടെ അഭാവം വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിക്കുന്നുണ്ടന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍.പാഠ്യപദ്ധതിയില്‍ പത്രവായനയുടെ പ്രസക്തി എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ജനുവരി 26 ന് കോഴിക്കോട്ട് നടത്തുന്ന പത്ര ഏജന്റുമാരുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പാഠപുസ്തകത്തിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട പൊതുവായ അറിവുകള്‍ സ്വയത്തമാക്കാനുളള മികച്ച വഴിയായിരുന്നു പ്രതിദിനമുള്ള പത്ര വായന. ചുറ്റുപാടുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കി അപഗ്രഥിക്കുകയും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്താനും പത്ര വായന അനിവാര്യമാണ്. വിദ്യാര്‍ത്ഥികളിലെ മാതൃഭാഷപരമായ പരിജ്ഞാനവും പദസമ്പത്തും വര്‍ദ്ധിപ്പിക്കാനാകുന്നത് പത്രവായനയിലൂടെയാണ്. പത്രവായനയും അപഗ്രഥനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയുള്ള പരിഷ്‌കരണം ഉണ്ടാകണം. യു.പി തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ പത്രവായനക്കും അനുബന്ധ ചര്‍ച്ചകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മിനിമം മാര്‍ക്ക് നല്‍കുന്ന രീതി നടപ്പിലാക്കിയാല്‍ പുതുതലമുറയെ വായനയിലേക്ക് തിരിച്ച് കൊണ്ട് വരാനാകും.
സംസ്ഥാന പ്രസിഡന്റ് പി.കെ സത്താര്‍ ഉദ്ഘാടനം ചെയ്തു. പത്ര മാധ്യമങ്ങളുമായി ബന്ധപ്പെട്ട പഠനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ വടക്കാഞ്ചേരി എന്‍.എസ്.എസ് കോളേജ് കൊമേഴ്‌സ് വിഭാഗം അസി. പ്രഫ. ഡോ: സനേഷ് ചോലക്കാട് പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന സിക്രട്ടറി സി.പി അബ്ദുല്‍ വഹാബ് മോഡറേറ്ററായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ചേക്കുട്ടി കരിപ്പൂര്‍, ട്രഷറര്‍ അജീഷ് കൈവേലി പ്രസംഗിച്ചു. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പത്രവായനയുടെ അഭാവം, വിദ്യാഭ്യാസ നിലവാരത്തെ സാരമായിബാധിക്കുന്നു -എന്‍ .പി.എ.എ