ഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് വഴിത്തിരിവു നല്‍കിയ മണി മാന് വിട.കറ കളഞ്ഞ രാഷ്ട്രീയ നേതാവും മികച്ച സാമ്പത്തിക വിദഗ്ധനുമായിരുന്നു മന്‍മോഹന്‍സിങ്. പ്രധാനമന്ത്രിയായും ധനമന്ത്രിയായും ഇന്ത്യയുടെ നവ സാമ്പത്തിക, പരിസ്ഥിതി-കാലാവസ്ഥാ വിഷയങ്ങളില്‍ കൃത്യമായ ദിശാബോധം നല്‍കി.സാമ്പത്തിക വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏതൊരു നേതാവും ഏതു സമയത്തും ആശ്രയിച്ച ഉപദേഷ്ടാവ്. ഡോ. മന്‍മോഹന്‍ സിങ് ഒരു പ്രഭാവമായി പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സാമ്പത്തികരംഗത്തും പരിസ്ഥിതി- കാലാവസ്ഥാ സംരക്ഷണ മേഖലയിലും നിലകൊണ്ടത് ആരവങ്ങളുടെയോ ആഘോഷങ്ങളുടെയോ അകമ്പടിയോടെ ആയിരുന്നില്ല. അമിതാഹ്ലാദമോ, അതിഗംഭീര പ്രസംഗങ്ങളോ ഇല്ലാതെ ജീവിതം പഠിപ്പിച്ച ലാളിത്യം കൊണ്ട് മന്‍മോഹന്‍ എക്കാലവും നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനായി.
ഇന്ത്യയിലെ അടിസ്ഥാനവര്‍ഗങ്ങളുടെ ക്ഷേമത്തിനുതകുന്ന പരിഷ്‌കാരങ്ങളും പോളിസികളും അദ്ദേഹം കൊണ്ടുവന്നു.ആഗോളതലത്തില്‍ ഒരുപോലെ ഭീഷണിയായ കാലാവ്യതിയാനത്തിന് മനമോഹന്‍സിങിന്റെ കാലത്ത് ദേശീയാടിസ്ഥാനത്തില്‍ അതിനെ ചെറുക്കാന്‍ പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിച്ചു.തുടര്‍ന്ന് വനാവകാശ നിയമം പ്രാബല്യത്തില്‍ വന്നു.ദേശീയ ഹരിത ട്രിബ്യൂണല്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.രാജ്യത്തെ ആദിവാസി ഗോത്രവിഭാഗക്കാരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടന്നത് മനമോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.
മൗനവും ദീര്‍ഘവീക്ഷണവുമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ വ്യക്തിമുദ്രകള്‍.ധനമന്ത്രിയായിരുന്ന കാലത്തെല്ലാം ഒരേ സ്യൂട്ടണിഞ്ഞ് പാര്‍ലമെന്റിലെത്തിയ മന്‍മോഹന്‍, ഓരോ പരിപാടിക്കും ലക്ഷക്കണക്കിന് രൂപയുടെ കോട്ടും സ്യൂട്ടുമണിയുന്ന നേതാക്കളില്‍ നിന്ന് വ്യത്യസ്തനായി.
ശ്വാസതടസ്സത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യം ഏഴുദിവസം ദുഃഖമാചരിക്കും. സര്‍ക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദുചെയ്തിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്കുചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ തുടര്‍ പരിപാടികള്‍ നിശ്ചയിക്കും. എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരിക്കും രാജ്യം അദ്ദേഹത്തിന് വിടനല്‍കുക. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ജനുവരി മൂന്നുവരെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരിപാടികളും ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് വഴിത്തിരിവു നല്‍കിയ
മണി മാന് വിട; ഏഴു ദിവസത്തെ ദുഃഖം ആചരിച്ച് രാജ്യം