എങ്ങനെ എഴുതണമെന്ന് അറിയാതെ പോകുന്ന ചില നിമിഷങ്ങളുണ്ട്. പേനയും മനസും നിശ്ചലമാകുന്ന ചില നിമിഷങ്ങള്‍, അത്തരമൊരു നിമിഷത്തിലൂടെ കടന്നുപോകുകയാണെങ്കിലും പ്രിയപ്പെട്ട എം.ടിക്ക്, സാഹിത്യ കുലപതിക്ക്, സാംസ്‌കാരിക നായകന്, മലയാള സാഹിത്യത്തെ ധന്യമാക്കിയ കഥാകാരന്, അഭ്രപാളികളില്‍ അനന്ത വിസ്മയം തീര്‍ത്ത ചലച്ചിത്രങ്ങള്‍ക്ക് പേന ചലിപ്പിച്ച മഹാകലാകാരന്, കാലം ഇതുവരെ നമ്മോടൊപ്പം ചേര്‍ത്തുവെച്ച പുണ്യാത്മാവിന് വിട പറയുന്ന നേരത്ത് യാത്രാമൊഴി കൊടുക്കാതിരിക്കാനാവില്ലല്ലോ? സാഹിത്യ കുലപതി അങ്ങേക്ക് പീപ്പിള്‍സ് റിവ്യൂവിന്റെ പ്രണാമം.
എം.ടി.എന്ന രണ്ടക്ഷരം മലയാളിക്ക് എല്ലാമെല്ലാമായിരുന്നു. എം.ടിയെ കുറിച്ചെഴുതാതെ മലയാള സാഹിത്യത്തിന് ചരിത്രമുണ്ടാവില്ല. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഓരോ കൃതികളും, ഇനിയുമിനിയും വായിച്ചു കൊണ്ടേയിരിക്കും. ജീവിത സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന എഴുത്തുകാരനാണ് എം.ടി. അദ്ദേഹത്തിന്റെ രചനകളില്‍ ജീവിതത്തെ മൗലികതയില്‍ സന്നിവേശിപ്പിച്ച ഒരു വ്യക്തിയുടെ നിറച്ചാര്‍ത്തുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം എഴുത്തിന്റെ വഴിയിലെത്തിയിരുന്നു.23-ാം വയസ്സിലാണ് എംടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.മഞ്ഞു, കാലം, അസുരവിത്തു, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍.എംടിയുടെ ഏറ്റവും മികച്ച കഥ രണ്ടാമൂഴം ആണ്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തും പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം ,കേരള നിയമസഭ പുരസ്‌കാരം മുതലായ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.ദി ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ എംടിയ്ക്ക് മലയാളത്തിലെ മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം ലഭിച്ചു.
ഏകദേശം 54 സിനിമകള്‍ക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്.മികച്ച തിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണ ലഭിച്ചിട്ടുണ്ട്, ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥക്കാണ് ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എംടി ചലച്ചിത്രലോകത്തേക്ക് കടന്നത്. എംടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.
പ്രിയപ്പെട്ട എം.ടി, യാത്രാമൊഴി പറയാന്‍ വാക്കുകളില്ല. അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാനായതും അങ്ങയുടെ രചനകള്‍ വായിക്കാനായതും ഞങ്ങളുടെയൊക്കെ ജീവിത പുണ്യമാണ്. മനുഷ്യ ജീവിതങ്ങളില്‍ പുണ്യം നിറയ്ക്കുമ്പോഴാണ് ഒരു ജീവിതം വശ്യമാകുന്നത്. ആ വശ്യത ഞങ്ങളെ വിടാതെ പിന്തുടരുക തന്നെ ചെയ്യും. വാക്കുകള്‍ കൊണ്ട് യാത്രാമൊഴി പറയാനാകില്ലെങ്കിലും മനസ്സുകൊണ്ട് നേര്‍ന്നല്ലേ പറ്റൂ….വിട.