മലയാള സാഹിത്യ ഗോപുരത്തിലെ സൂര്യ തേജസ് മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വിട വാങ്ങി .നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് പത്രാധിപന്‍, അധ്യാപകൻ ,സാംസ്‌കാരിക നായകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം ഇന്നലെ രാത്രി 10ന് സ്വകാര്യആശുപത്രിയിൽ ആയിരുന്നു. മലയാള സാഹിത്യത്തെ വാനോളമുയര്‍ത്തിയ പകരക്കാരനില്ലാത്ത മഹാനായ എഴുത്തുകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ രചനകളും ഒന്നിനൊന്ന് മികവേറിയതും വായനാലോകം നെഞ്ചോട് ചേര്‍ത്തതുമാണ്. മലയാള സാഹിത്യത്തിന്റെ ഖ്യാതി അദ്ദേഹത്തിന്റെ തൂലിക തുമ്പിലൂടെ രാജ്യത്തെ ഇതര ഭാഷകളിലും അന്താരാഷ്ട്ര തലത്തിലും തിളങ്ങി. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പത്മഭൂഷണ്‍ പുരസ്‌കാരവും ആ പുണ്യാത്മാവിനെ തേടിയെത്തി.
. എം.ടി എന്ന രണ്ടക്ഷരം മലയാളികളുടെ ഹൃത്തടത്തില്‍ മുദ്ര ചാര്‍ത്തപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നോവലുകള്‍, കഥകള്‍, സിനിമകള്‍ എല്ലാം മലയാളികളെ സാംസ്‌കാരിക ,ആസ്വാദന മണ്ഡലത്തിന്റെ സാഗരത്തില്‍ ആറാടിച്ചു. സാഹിത്യത്തിന്റെയും, സാംസ്‌കാരികതയുടെയും ഈറ്റില്ലമായ കോഴിക്കോട് നഗരത്തിലാണ് അദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിഭാഗവും പിറന്നു വീണത്. ജന്മസിദ്ധമായ രചനാ വൈഭവം കൈമുതലായ എം.ടിയുടെ തൂലിക
തുമ്പില്‍ നിന്നടര്‍ന്നു വീണ അക്ഷര മുത്തുകള്‍ സാഹിത്യത്തിലെയും, ചരിത്രത്തിലെയും ഗതിവിഗതികളെ മാറ്റി മറിച്ചു.
മലപ്പുറം ജില്ലയുമായി മൂന്ന് വശവും അതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറന്‍ അറ്റത്തുള്ള പട്ടാമ്പി താലൂക്കിലെ അണക്കര പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമായ കൂടല്ലൂരില്‍ 1933ല്‍ പുന്നയൂര്‍ക്കുളത്തുക്കാരനായ ടി നാരായണന്‍ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്.കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.സ്‌കൂള്‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.
പാലക്കാട് വിക്ടോറിയ കോളേജില്‍ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്‌ക്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു. 1954ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളില്‍ പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലില്‍ അധ്യാപകനായും ജോലിനോക്കി. ഇതിനിടയില്‍ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ച് എം.ബി.യില്‍ തിരിച്ചെത്തി.തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം ,കേരള നിയമസഭ പുരസ്‌കാരം മുതലായ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.ദി ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ എംടിയ്ക്ക് മലയാളത്തിലെ മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം ലഭിച്ചു.23-ാം വയസ്സിലായിരുന്നു എംടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958ല്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.മഞ്ഞു, കാലം, അസുരവിത്ത് , രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍.എംടിയുടെ ഏറ്റവും മികച്ച കഥ രണ്ടാമൂഴം ആണ്.
ഏകദേശം 54 സിനിമകള്‍ക്ക് എംടി തിരക്കഥ എഴുതിയിട്ടുണ്ട്. മികച്ച തിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണ ലഭിച്ചിട്ടുണ്ട്, ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥക്കാണ് ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എംടി ചലച്ചിത്രലോകത്തേക്ക് കടന്നത്. എംടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.
എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീള, കലാമണ്ഡലം സരസ്വതി എന്നിവരാണ് ഭാര്യമാര്‍. സിതാര, അശ്വതി എന്നിവരാണ് മക്കള്‍.