അധികാരത്തിന് മുന്‍പില്‍ തലകുനിക്കാത്ത സാഹിത്യനായകനാണ് എം.ടി. വാസുദേവന്‍ നായരെ് അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് മലയാള സാഹിത്യത്തിന്റെ കുലപതികളില്‍ ഒരാളുടെ വിയോഗം എന്നു പറയുന്നത്, അങ്ങേയറ്റത്തെ താങ്ങാനാവാത്ത ഒരു ദുഃഖം തന്നെയാണ്. എന്നാല്‍ തൃത്താലക്കാരായ ഞങ്ങളെ സംബന്ധിച്ച്, ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു എം.ടിയെന്നും ബല്‍റാം പറഞ്ഞു.
‘കൂടല്ലൂരിന്റെ മണ്ണില്‍നിന്ന് നിളയുടെ തീരത്തുനിന്ന് അദ്ദേഹം തുടങ്ങിവെച്ച ആ എഴുത്തിന്റെ വഴികള്‍ ലോകമെമ്പാടുമുള്ള മലയാളിഹൃദയങ്ങളിലേക്കാണ് വഴിവിരിച്ചത്. കാലത്തോട് ഏറ്റവും സക്രിയമായി പ്രതികരിച്ച ഒരു സാഹിത്യനായകനാണ് എം.ടി. പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം ഒരിക്കലും പറയാതിരുന്നിട്ടില്ല. അധികാരത്തിന് മുന്‍പില്‍ ഒരിക്കലും തലകുനിച്ചിട്ടില്ല. വാക്കുകളില്‍ ഒരിക്കലും അനാവശ്യമായ മയപ്പെടുത്തല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.