സര്‍ഗാലയ കേന്ദ്രീകരിച്ച് മലബാറില്‍ ടൂറിസംരംഗത്തു വന്‍ കുതിച്ചുചാട്ടമുണ്ടാകും; മന്ത്രി മുഹമ്മദ് റിയാസ്

സര്‍ഗാലയ കേന്ദ്രീകരിച്ച് മലബാറില്‍ ടൂറിസംരംഗത്തു വന്‍ കുതിച്ചുചാട്ടമുണ്ടാകും; മന്ത്രി മുഹമ്മദ് റിയാസ്

സര്‍ഗാലയ കേന്ദ്രീകരിച്ച് മലബാറില്‍ ടൂറിസംരംഗത്തു വന്‍ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പു നല്‍കിയ 95.34 കോടി രൂപയുടെ ‘സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ റ്റു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍’ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. പന്ത്രണ്ടാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് അവാര്‍ഡ് 2024 ആയ 700 ഡോളറും മെമെന്റോയും സര്‍ട്ടിഫിക്കറ്റും ബള്‍ഗേറിയന്‍ കലാകാരി മഡ്ഡലീന പ്രട്രോവ ബോസ്ഹിലോവ അമിനും യൂത്ത് ക്രാഫ്റ്റ്‌പേഴ്‌സണ്‍ അവാര്‍ഡായ 400 ഡോളറും മെമെന്റോയും സര്‍ട്ടിഫിക്കറ്റും ഇറാന്‍ സ്വദേശി ഫത്തേമെഹ് ആലിപ്പൂര്‍ യൗസേഫിനും മന്ത്രി സമ്മാനിച്ചു.

സര്‍ഗാലയ വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നു മന്ത്രി പറഞ്ഞു. മലബാറിന്റെ സാംസ്‌കാരികാനുഭവങ്ങള്‍ മുഴുവന്‍ സര്‍ഗാലയയില്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നദികള്‍, കടല്‍, റോഡ് മാര്‍ഗങ്ങളിലൂടെയും ജൈവവൈവിദ്ധ്യം, കളരിപ്പയറ്റുപോലുള്ള ആയോധനകലകള്‍ തുടങ്ങി വ്യത്യസ്ത അനുഭവങ്ങളിലൂടെയുമുള്ള വിവിധ സര്‍ക്കീറ്റുകള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. രുചിപ്പെരുമയാര്‍ന്ന ഭക്ഷണം, സാഹിത്യപൈതൃകം, അഡ്വഞ്ചര്‍ തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുത്തും.

ബേപ്പൂരിനെയും സര്‍ഗാലയയെയും കടല്‍മാര്‍ഗം യോട്ടുകള്‍ വഴി ബന്ധിക്കുന്ന പദ്ധതി ആലോചനയിലുണ്ട്. ഹെലികോപ്റ്ററുകള്‍, സീ പ്ലെയിനുകള്‍ കാരവന്‍ എന്നിങ്ങനെ വിവിധയാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ചും സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിച്ചും ലോകടൂറിസം ഭൂപടത്തില്‍ സര്‍ഗാലയയ്ക്കും കോഴിക്കോടിനും സ്ഥാനമുറപ്പിക്കാന്‍ കഴിയും. ഏറ്റവും സാധാരണക്കാരായ മനുഷ്യരാണ് വലിയ ടൂറിസം പദ്ധതികളുടെ ഗുണഭോക്താക്കള്‍. കക്ഷിരാഷ്ട്രീയഭേദമെന്യേ മുഴുവന്‍ ജനവിഭാഗങ്ങളും യോജിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത്തരം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂവെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.

ലോകടൂറിസം ഭൂപടത്തില്‍ സര്‍ഗാലയ ഇതിനകം തന്നെ അടയാളപ്പെട്ടുകഴിഞ്ഞെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രാജ്യസഭാ എംപിയും ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ടുമായ പി. ടി. ഉഷ അഭിപ്രായപ്പെട്ടു.

ജിഐ ക്രാഫ്റ്റ് വില്ലേജുകളും പുസ്തകമേളയും വിവിധ സോണുകളും ഹാന്‍ഡ് ക്രാഫ്റ്റ് സര്‍വീസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.സജി പ്രഭാകരന്‍,വി കെ അബ്ദുറഹ്‌മാന്‍, നബാര്‍ഡ് ഡിസ്ട്രിക്ട് ജനറല്‍ മാനേജര്‍ രാകേഷ് വി, പയ്യോളി മുന്‍സിപ്പാലിറ്റി ഡെവലപ്‌മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അഷ്റഫ് എന്നിവര്‍ നിര്‍വഹിച്ചു. ഡോ. കെ. കെ. എന്‍. കുറുപ്പ്, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍ഗാലയ സീനിയര്‍ ജനറല്‍ മാനേജര്‍ ടി. കെ. രാജേഷ് എന്നിവര്‍ ആശംസ നേര്‍ന്നു.

 

 

സര്‍ഗാലയ കേന്ദ്രീകരിച്ച് മലബാറില്‍ ടൂറിസംരംഗത്തു വന്‍ കുതിച്ചുചാട്ടമുണ്ടാകും; മന്ത്രി മുഹമ്മദ് റിയാസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *