അക്ഷരക്കൂട്ടം സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ ‘അക്ഷരക്കൂട്ടം സില്‍വര്‍ ജൂബിലി നോവല്‍ പുരസ്‌കാരം’ മനോഹരന്‍ വി പേരകത്തിനു സമ്മാനിച്ചു. എഴുത്തുകാരന്‍ ടി ഡി രാമകൃഷണനാണ് 25000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം നല്‍കിയത്. തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനോഹരന്‍ വി പേരകത്തിന്റെ ‘ഒരു പാക്കിസ്ഥാനിയുടെ കഥ’ എന്ന നോവലിനായിരുന്നു പുരസ്‌കാരം.
എഴുത്തുകാരന്‍ പി ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. മികച്ച പുസ്തക കവര്‍ ഡിസൈനുള്ള പുരസ്‌കാരം സംവിധായകന്‍ പ്രിയനന്ദനനില്‍ നിന്ന് സലീം റഹ്‌മാന്‍ ഏറ്റുവാങ്ങി. കവിയും പ്രഭാഷകനുമായ പി. എന്‍. ഗോപീകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.
റഫീഖ് ബദരിയയുടെ നോവല്‍ ‘ആലം നൂര്‍’ പ്രകാശനവും നടത്തി. എഴുത്തുകാരി ഷീബ അമീര്‍, ജൂറി ചെയര്‍മാന്‍ എം. നന്ദകുമാര്‍, കവി കുഴൂര്‍ വിത്സണ്‍, നടനും റേഡിയോ പ്രക്ഷേപകനുമായ കെ. പി. കെ. വെങ്ങര, ആര്‍ട്ടിസ്റ്റ് സി. കെ. ലാല്‍, ബാലന്‍ വെങ്ങര എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ബാവ സ്വാഗതവും ഗിന്റോ പുത്തൂര്‍ നന്ദിയും പറഞ്ഞു.
അക്ഷരക്കൂട്ടം നോവല്‍ പുരസ്‌കാരം
മനോഹരന്‍ വി പേരകത്തിന് സമ്മാനിച്ചു