ന്യൂഡല്‍ഹി: സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഭര്‍ത്താക്കന്‍മാരെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. ആശ്രിതയായ ഒരു സ്ത്രീയ്ക്ക് ന്യായമായ ജീവിത നിലവാരം നല്‍കുക എന്നതാണ് ജീവനാംശം എന്നും സുപ്രീംകോടതി പറഞ്ഞു. മൂന്ന് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബംഗലൂരുവില്‍ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയതില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ലെന്ന് കോടതി പറഞ്ഞു.ജസ്റ്റിസുമാരായ ബി വി നാഗരത്നയും പങ്കജ് മിത്രയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ ഭാര്യയും കുടുംബവും ഗുരുതരമായ കുറ്റാരോപണങ്ങള്‍ നിരത്തുന്ന സംഭവങ്ങളും കോടതി ചൂണ്ടിക്കാട്ടി.