കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി കേന്ദ്രീകരിച്ച് അര നൂറ്റാണ്ടുകാലം മുഖ്യ ഖാസിയായിരുന്ന നാലകത്ത് മുഹമ്മദ് കോയ ബാഖഫിയുടെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ഖാസി ഫൗണ്ടേഷന്റെ 16-ാമത് വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും 22ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഹോട്ടല്‍ ട്രൈപ്പന്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മംഗലാപുരം ഏനപ്പോയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഏനപ്പോയ ഡീംഡ് യൂണിവേഴ്സിറ്റി ചാന്‍സലറുമായ ഡോ. അബ്ദുള്ളക്കുഞ്ഞി പുരസ്കാരം ഏറ്റുവാങ്ങും. വാര്‍ഷികത്തിന്റെ ഭാഗമായി രണ്ട് പ്രധാന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ്. കോഴിക്കോട് നഗര പരിധിയില്‍ 3 സെന്റില്‍ താഴെ ഭൂമിയുള്ള ഭവന രഹിതരും നിരാശ്രയരും കിടപ്പു രോഗികളുമുള്ള 10 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭവനം നിര്‍മ്മിച്ചു നല്കുന്ന കിടപ്പാടം ഭവന പദ്ധതിയുടെ ലോഞ്ചിംങ് ഇതോടനുബന്ധിച്ച് നടക്കും. ഒരുകോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്. പാവപ്പെട്ടവരും മിടുക്കരുമായ 10 വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സ്റ്റഡീസ് പഠനത്തിന് 5 ലക്ഷം രൂപയുടെ എഡ്യൂ ലിഫിറ്റ് സ്കോളര്‍ഷിപ്പ് പദ്ധതിക്കും തുടക്കമിടും. അവാര്‍ഡ് ദാനം സ്പീക്കര്‍ അഡ്വ.എ.എന്‍.ഷംസീറും, ഭവന പദ്ധതിയുടെ ലോഞ്ചിംങ് കര്‍ണ്ണാടക സ്പീക്കര്‍ യു.ടി.ഖാദറും നിര്‍വ്വഹിക്കും. മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ.കെ.കുഞ്ഞാലി, ജന.സെക്രട്ടറി എം.വി.റംസി ഇസ്മായില്‍. ട്രഷറര്‍ കെ.വി.ഇസ്ഹാഖ്, സി.എ.ഉമ്മര്‍കോയ, എം.വി.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.