കെ.എഫ്.ജോര്‍ജ്ജ്
ഉത്തമനായ ഗുരുവിനെ ലഭിക്കുകയെന്നത് മഹാഭാഗ്യമാണ്. അതും കുട്ടിക്കാലത്ത്. തെറ്റുമ്പോള്‍ തിരുത്തുന്ന, വഴി പറഞ്ഞു തരുന്ന, നന്നാകുമ്പോള്‍ പ്രോത്സാഹിപ്പിക്കുന്ന ആരെങ്കിലും ജീവിത വഴികളിലുണ്ടാവണം.
മലയാള മനോരമ പത്രാധിപരായിരുന്ന കെ.സി.മാമ്മന്‍ മാപ്പിള 1929ല്‍ രൂപം കൊടുത്ത കുട്ടികള്‍ക്കുള്ള പ്രസ്ഥാനം – അഖില കേരള ബാലജനസഖ്യം – കേരളത്തിലെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വളര്‍ച്ചയിലും വഹിച്ച പങ്ക് വലുതാണ്. 6 മുതല്‍ 18 വയസ്സ് വരെയുള്ളവരാണ് ഇതിലെ അംഗങ്ങള്‍. ഏഷ്യയിലെ ഏറ്റവും വലിയ ബാലജന പ്രസ്ഥാനമായി വളര്‍ന്ന ബാലജന സഖ്യത്തിന്റെ കളരിയിലൂടെ രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും സംരംഭകരും പൊതു പ്രവര്‍ത്തകരും സ്വന്തം അഭിരുചികള്‍ വളര്‍ത്തി വലിയവരായി സമൂഹത്തെ സജീവമാക്കി വളര്‍ത്തിക്കൊണ്ടിരിക്കുന്നു.
10 വര്‍ഷം ബാലജന സഖ്യത്തിന്റെ മലബാര്‍ മേഖലയിലെ ചുമതലക്കാരനായിരുന്ന എനിക്ക്, കഴിവില്ലെന്ന് വീട്ടുകാരും കൂട്ടുകാരും കരുതുന്ന പല കുട്ടികളും സഖ്യം ക്യാമ്പുകളിലൂടെ സ്വയം തിരിച്ചറിഞ്ഞ് പ്രഗല്‍ഭരായി വളര്‍ന്നു പന്തലിക്കുന്നത് കാണാന്‍ ഭാഗ്യം ലഭിച്ചു. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളാണ് എന്റെ പ്രവര്‍ത്തന പരിധിയിലുണ്ടായിരുന്നത്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ബാലജന സഖ്യം ശാഖകളും പല ശാഖകള്‍ ചേര്‍ന്നുള്ള യൂണിയനുകളും സ്ഥാപിച്ചു. ഇവിടെയെല്ലാം വ്യക്തിത്വ വികസന ക്യാമ്പുകളും കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകളും കലാ-കായിക മേളകളും സംഘടിപ്പിച്ചു.
ഇതിലെല്ലാം പങ്കെടുക്കുന്ന കുട്ടികള്‍ സ്വയം തിരിച്ചറിഞ്ഞ് ചിറകുവെച്ച് പറക്കുന്നത് കാണാന്‍ കഴിഞ്ഞു. ഇവരെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരാണ്. കുട്ടിക്കാലത്തെ സൗഹൃദം ഇന്നും അവര്‍ തുടരുന്നുവെന്നത് സന്തോഷകരമാണ്.
അവസരം കിട്ടിയാല്‍ ഏതു കുട്ടിയ്ക്കും വളരാന്‍ കഴിയുമെന്നതിന് വടകരക്കാരനായ ഒരു കുട്ടി നല്ല ഉദാഹരണമാണ്. ബാലജനസഖ്യം വടകര യൂണിയന്‍ ഭാരവാഹിയാണ്. പക്ഷേ ആള്‍ക്കാരുടെ മുമ്പില്‍ വായ തുറക്കാന്‍ മടി. ബിരുദധാരിയായ മകന് മലയാള മനോരമയില്‍ എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുക്കാന്‍ പറ്റുമോ എന്ന് ആരാഞ്ഞുകൊണ്ട് പിതാവ് എന്നെ സമീപിച്ചു. ആള്‍ക്കാരെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുന്നവന് എങ്ങനെ പത്രത്തില്‍ ജോലി കിട്ടും? പിതാവ് കാണുമ്പോഴെല്ലാം ഈ ആവശ്യം ഉന്നയിക്കും.
സമ്മര്‍ദ്ദം കൂടിയപ്പോള്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ മാനേജരെ ഞാന്‍ സമീപിച്ചു. അന്ന് പുതിയ ഏജന്‍സിയെ കണ്ടു പിടിക്കാനും വരിക്കാരെ കൂട്ടാനുമായി ഫീല്‍ഡ് ജോലിക്കാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്ന പതിവുണ്ട്. ആ പണിയില്‍ ഈ കുട്ടിയെ നിയമിക്കാന്‍ പറ്റുമോ എന്ന് ആരാഞ്ഞു. ജന സമ്പര്‍ക്ക കഴിവു കുറഞ്ഞവനാണെന്നും അവന്റെ പിതാവിന്റെ സമ്മര്‍ദ്ദം കാരണമാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ഫീല്‍ഡില്‍ പരാജയമുണ്ടെങ്കില്‍ ഒന്നു രണ്ട് ആഴ്ചക്കകം പിരിച്ചുവിട്ടാലും കുഴപ്പമില്ലെന്നും പറഞ്ഞപ്പോള്‍ മനസ്സില്ലാ മനസോടെ മാനേജര്‍ സമ്മതിച്ചു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയുടെ ജോലിയുടെ സ്ഥിതി മാനേജരോട് തിരക്കി. അവനെ ഇതിനകം പറഞ്ഞു വിട്ടിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ മാനേജരുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. രണ്ടാഴ്ചകൊണ്ട് അവന്‍ പുതുതായി പത്രത്തിന് രണ്ട് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നു. കുറച്ച് വരിക്കാരെയും ചേര്‍ത്തു. ഈ രംഗത്ത് മികച്ച ഭാവിയുണ്ടെന്നായിരുന്നു മാനേജരുടെ പ്രതികരണം.
ഒരു മാസം കഴിഞ്ഞ് എന്നെ കാണാനെത്തിയപ്പോള്‍ ആള്‍ അടിമുടി മാറിയിരുന്നു. തല കുനിച്ചു സംസാരിച്ച അവനില്‍ ആത്മ വിശ്വാസം നിറഞ്ഞിരുന്നു. ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് ഷൂസുമിട്ട് ഒന്നാന്തരം സെയില്‍സ്മാന്റെ വേഷത്തിലും ഭാവത്തിലും. ബാംഗ്‌ളൂരു ഓഫീസില്‍ ഒരാള്‍ പിരിഞ്ഞുപോയ ഒഴിവില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ സ്ഥിര നിയമനം കിട്ടിയ വാര്‍ത്തയുമായാണ് അവന്‍ വന്നിരിക്കുന്നത്.
ബാംഗ്‌ളൂരു ഓഫീസില്‍ സര്‍ക്കുലേഷന്‍ മാനേജരായി പ്രമോഷന്‍കിട്ടി. പത്രത്തിനും അനുബന്ധ പ്രസിദ്ധീകരണങ്ങള്‍ക്കും നല്ല വളര്‍ച്ചയുണ്ടാക്കി. രണ്ടു വര്‍ഷത്തിനകം അവന്‍ ജോലി രാജിവെച്ചു.മുംബൈയില്‍ സ്വന്തമായി പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി. ഇപ്പോള്‍ മുംബൈയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയും നിരവധി സ്ഥാപനങ്ങളുടെ ഉടമയുമാണ്.
സത്യത്തില്‍ എന്തായിരുന്നു തുടക്കത്തില്‍ അവന്റെ പ്രശ്‌നം? ഇതുവരെ എനിക്ക് അത് പിടികിട്ടിയിട്ടില്ല. വേണ്ട സമയത്തും കാലത്തും നമുക്കായി പറഞ്ഞിട്ടുള്ള സ്ഥലത്ത് എത്തിച്ചേരാനും കഴിവിനൊത്ത് പ്രയത്‌നിക്കാനും കഴിഞ്ഞാല്‍ എത്തേണ്ടിടത്ത് നമ്മള്‍ എത്തിയിരിക്കും എന്നതാണ് ഇതുവരെയുള്ള ജീവിതാനുഭവത്തില്‍ നിന്നും തിരിച്ചറിയാന്‍ കഴിഞ്ഞത്. ബൈബിളില്‍ താലന്തിന്റെ ഉപമ യേശുക്രിസ്തു പറയുന്നുണ്ട്. താലന്ത്് നമ്മുടെ കഴിവുകളുടെ പ്രതീകമാണ്. അത് വേണ്ടപോലെ ഉപയോഗിക്കാതെ പാഴാക്കി വെച്ചാല്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളവന് എടുത്തുകൊടുക്കുമെന്ന് ആ ഉപമയില്‍ സൂചിപ്പിക്കുന്നു.
ജീവിതത്തില്‍ മുന്നേറാന്‍ സഹായിക്കുന്നവരും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നവരുമാണ് ഗുരുക്കന്മാര്‍. അതില്‍ വെറും സാധാരണക്കാരും അയല്‍ക്കാരുമുണ്ടാകാം. ചില പുസ്തകങ്ങളും ഗുരുക്കന്മാരായിത്തീരും.
നിലേശ്വരത്ത് ബാലജന സഖ്യം നേതൃത്വ പരിശീലന ക്യാമ്പ് നടക്കുകയാണ്. ഉദ്ഘാടന സമ്മേളനത്തില്‍ ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ഒരു കുട്ടിയെ വേണം. യൂണിയന്‍ രക്ഷാധികാരി നാടക പ്രവര്‍ത്തകനായ ഭരതനാണ്. ഭരതന്‍ പറഞ്ഞു, ‘സാറേ മാധവന്റെ കുട്ടി നന്നായി പാടും’. ഈശ്വര പ്രാര്‍ത്ഥനയ്ക്ക്‌വള്‍ മതി. മാധവേട്ടന്‍ എന്നു പറയുന്നത് അവിടെ ടെക്‌സ്റ്റൈല്‍ വ്യാപാരിയായ മാധവനാണ്.
വിടര്‍ന്ന കണ്ണുകളും നിറയെ ചുരുണ്ട മുടിയുമുള്ള ഒരു നാലാം ക്ലാസുകാരിയെ ഭരതന്‍ സ്റ്റേജിലേക്കു പിടിച്ചു കയറ്റി. കുട്ടി നന്നായി പാടി. ആ കുട്ടിയാണ് കാവ്യാമാധവന്‍. ബാലജന സഖ്യം കലോത്സവ വേദികളിലൂടെ വളര്‍ന്ന് ചലച്ചിത്ര താരമായി മാറിയ കാവ്യാമാധവന്‍. ഭരതന്‍ അവിടെ ഒരു ഗുരുവിന്റെ റോളിലായിരുന്നു. നിരവധി ഗുരുക്കന്മാരുടെ പ്രോത്സാഹനത്തിലാണ് ഒരു കലാകാരന്‍ പൂര്‍ണ വളര്‍ച്ചയിലെത്തുന്നത്.
ചലച്ചിത്ര താരങ്ങളായ വിനീതിനും, സുധീഷിനും ആദ്യകാല കളരികള്‍ ബാലജന സഖ്യമായിരുന്നു. സഖ്യം ക്യാമ്പുകളില്‍ കൊച്ചു മാജിക്കുകള്‍ അവതരിപ്പിച്ച്‌കൊണ്ടാണ് നിലമ്പൂര്‍ കണ്‍മണി സഖ്യാംഗമായ ഗോപിനാഥ് മുതുകാട് ലോക പ്രശസ്ത മാന്ത്രികനായി വളര്‍ന്നത്.
ബാലജന സഖ്യം ജന്മം കൊടുക്കുമ്പോള്‍ കേരള സംസ്ഥാനം രൂപം കൊണ്ടിരുന്നില്ല. എങ്കിലും ക്രാന്ത ദര്‍ശിയായ മാമ്മന്‍ മാപ്പിള ഈ പ്രസ്ഥാനത്തിന് അഖില കേരള ബാലജന സഖ്യമെന്ന പേരു നല്‍കി. മകനും പിന്നീട് മനോരമ പത്രാധിപരുമായിത്തീര്‍ന്ന കെ.എം.മാത്യു, കേന്ദ്ര മന്ത്രി സി.എം.സ്റ്റീഫന്‍, കേന്ദ്ര ഭരണ സംവിധാനത്തിലെ നേതൃ നിരയിലുണ്ടായിരുന്ന ഡോ.പി.സി.അലക്‌സാണ്ടര്‍ തുടങ്ങിയവരായിരുന്നു ഈ കുട്ടി സംഘത്തിലെ ആദ്യകാല അംഗങ്ങള്‍.
സ്‌കൂള്‍ കലാമേളകള്‍ ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന കലാമേളകള്‍ ബാലജന സഖ്യം തുടങ്ങി. നേതൃത്വ പരിശീലന കളരികളും കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകളും നടത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടു തവണ സഖ്യത്തിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു, രമേശ് ചെന്നിത്തലയും പ്രസിഡണ്ട് സ്ഥാനം വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം.ഹസ്സന്‍, പന്തളം സുധാകരന്‍, കെ.സി.ജോസഫ്, ശോഭന ജേര്‍ജ്ജ്, എം.മുരളി, ജോസഫ് എം.പുതുശ്ശേരി, കെ.എന്‍.എ.ഖാദര്‍, ടി.ജെ.ആഞ്ചലോസ് തുടങ്ങി കേരള രാഷ്ട്രീയത്തിലെ നെടുംതൂണുകളായ ഒട്ടേറെ നേതാക്കള്‍ സഖ്യത്തിന്റെ സംസ്ഥാന മേഖലാ ഭാരവാഹികളായിരുന്നു.
രാഷ്ട്രീയ രംഗത്തു മാത്രമല്ല സാഹിത്യ-സാംസ്‌കാരിക-ആധ്യാത്മിക മേഖലകളിലും ഔദ്യോഗിക രംഗത്തും നിറഞ്ഞു നില്‍ക്കുന്ന നിരവധി പ്രതിഭകളുടെ ആദ്യത്തെ പരിശീലനക്കളരി ബാലജന സഖ്യമായിരുന്നു. ഇവര്‍ക്കെല്ലാം ദിശാബോധവും ഉണര്‍വും നല്‍കിയ മഹാ പ്രസ്ഥാനമായിരുന്നു അഖില കേരള ബാലജന സഖ്യം.