കാസര്‍കോട്: ഗോപാലന് എന്റര്‍പ്രൈസസ് കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ ഗേറ്റ് വേ റിസോര്‍ട്ട് ആരംഭിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, അതിഥിസേവനം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ പ്രശസ്തമായ ഗോപാലന് എന്റര്‍പ്രൈസസ്, താജ് ഗ്രൂപ്പുമായി സഹകരിച്ചാണ് റിസോര്‍ട്ട് ആരംഭിക്കുന്നത്.പ്രകൃതിമനോഹാരമായ ബേക്കലില്‍ ആഢംബരത്തിന്റെയും അതിതിഥിസേവനത്തിന്റെയും ഏറ്റവും പുതിയ മാതൃകകളാണ് സൃഷ്ടിക്കാനൊരുങ്ങുന്നതെന്ന് ഗോപാലന് എന്റര്‍പ്രൈസസ് വക്താവ് അറിയിച്ചു.
151 വിശാലമായ മുറികളും സ്യൂട്ടുകളും ഉള്ള ഈ ആഢബര റിസോര്‍ട്ട് അതിഥികള്‍ക്ക് പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരത്തിനൊപ്പം, കായലിന്റെ അതിമനോഹരമായ കാഴ്ചകളും ഒരുക്കുന്നു. അത്യാധുനിക സ്പാ ബ്ലോക്കുള്‍പ്പെടെ സഞ്ചാരികള്‍ക്ക് വൈവിധ്യമാര്‍ന്ന വെല്‍നെസ്-ചികിത്സാ സൗകര്യങ്ങളും ഉപയോഗപ്പെടുത്താം .പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ലോകോത്തര സൗകര്യങ്ങളും സമന്വയിപ്പിച്ച് ആഡംബരം പ്രകൃതിയുമായി ഇഴുകിച്ചേരുന്ന അതിമനോഹരമായ അനുഭവമായിരിക്കും സഞ്ചാരികളെക്കാത്തിരിക്കുന്നത്. ഇതോടെ ബേക്കല്‍ സ്ഥിതിചെയ്യുന്ന ഉദുമ ഇന്ത്യയില്‍ ഒരു പഞ്ചായത്തില്‍ മൂന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള ഏക പഞ്ചായത്ത് എന്ന ബഹുമതിക്കര്‍ഹമായി.
ബേക്കലിലെ ഗേറ്റ് വേ റിസോര്‍ട്ട് ഇന്ത്യയിലെ പ്രധാന ആഢംബര റിസോര്ട്ടുകളിലൊന്നാക്കി മാറ്റാനാണ് ഗോപാലന് എന്റര്‍പ്രൈസസ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏറ്റവും മനോഹരവും പ്രശാന്തവുമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ബേക്കലില്‍ സ്ഥിതി ചെയ്യുന്ന ഗേറ്റ് വേ റിസോര്‍ട്ടിന് പ്രദേശത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യാനാകുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. അതിഥിസേവന മേഖലയില്‍ കമ്പനിയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബേക്കലിലെ ഗേറ്റ് വേ റിസോര്‍ട്ടെന്ന് ഗോപാലന് എന്റര്‍പ്രൈസസ് ഡയറക്ടര്‍ സി പ്രഭാകര്‍ പറഞ്ഞു.
ബേക്കലില്‍ ഗേറ്റ് വേ റിസോര്‍ട്ടുമായി ഗോപാലന് എന്റര്‍പ്രൈസസ്