ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദിന് താത്കാലിക ജാമ്യം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് താത്കാലിക ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് 2020 സെപ്തംബര്‍ മുതല്‍ ജയിലിലാണ്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പെയ് ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്.
2022 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിന്‍വലിച്ചു. ഈ വര്‍ഷം ആദ്യത്തില്‍ സ്ഥിരജാമ്യം തേടി വീണ്ടും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിരസിച്ചു. സ്ഥിരജാമ്യം തേടിയുള്ള രണ്ടാമത്തെ ഹരജി തള്ളിയത് ചോദ്യം ചെയ്ത് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2020ല്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ഉമര്‍ ഖാലിദിനെ കൂടാതെ താഹിര്‍ ഹുസൈന്, ഖാലിദ് സെയ്ഫി, ഇഷാറത് ജഹാന്, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, ഷിഫാഉറഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ഷദാബ് അഹമ്മദ്, തസ് ലീം അഹമ്മദ്, സലീം മാലിക്, മുഹമ്മദ് സലീം ഖാന്, അതാര് ഖാന്, സഫൂറ സര്‍ദാര്‍, ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്, നടാഷ നര്‍വാള്‍ എന്നിവരെയും പ്രതിചേര്‍ത്തിരുന്നു.