ന്യൂഡല്‍ഹി: ഭരണഘടനാ ശില്പി ഡോ.ബി.ആര്. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്നാരോപിച്ച് അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തം. ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.
‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍…….. എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ പ്രതിപക്ഷ ബഹളത്തിനിടെ ചൊവ്വാഴ്ച അമിത് ഷാ പറഞ്ഞു.
ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. അമിത് ഷായുടെ രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം.
എന്നാല്‍ അമിത് ഷായ്ക്കെതിരെയുള്ള പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധിച്ചു.വിദ്വേഷ നുണകള്‍ക്ക് അവരുടെ വര്‍ഷങ്ങളുടെ ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോണ്‍ഗ്രസിനെന്ന് മോദി ആരോപിച്ചു. ആളുകള്‍ക്ക് സത്യം അറിയാമെന്ന് പറഞ്ഞുകൊണ്ട് അമിത് ഷാ നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ചായിരുന്നു പ്രതിരോധം.
‘കോണ്‍ഗ്രസും അതിന്റെ ജീര്‍ണ്ണിച്ച പരിസ്ഥിതിയും തങ്ങളുടെ ദുരുദ്ദേശ്യപരമായ നുണകള്‍ ഉപയോഗിച്ച മുമ്പ് ചെയ്ത ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ്. പ്രത്യേകിച്ച് ഡോ. അംബേദ്കറോടുള്ള അധിക്ഷേപം, അവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. അംബേദ്കറുടെ പാരമ്പര്യം ഇല്ലാതാക്കാനും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ അപമാനിക്കാനും ഒരു കുടുംബാധിപത്യ പാര്‍ട്ടി സാധ്യമായ എല്ലാ വൃത്തികെട്ട തന്ത്രങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ വീണ്ടും വീണ്ടും കാണുകയാണെന്നും മോദി പറഞ്ഞു. അംബേദ്കറുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം അക്ഷീണം പ്രയത്നിച്ചുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
അമിത് ഷാ അംബേദ്കറെ അപാനിച്ചെന്ന ആരോപണത്തിന് തടയിടാന്‍ രാജ്നാഥ് സിങടക്കമുള്ള ബിജെപിയുടെ മറ്റു ഉന്നത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
അംബേദ്കര്‍ പരാമര്‍ശം; അമിത് ഷായുടെ രാജിയാവശപ്പെട്ട്
പ്രതിപക്ഷ പ്രതിഷേധം