കോഴിക്കോട്:രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്ദോര്‍ ഇനി യാചകരില്ലാത്ത നഗരം എന്ന നേട്ടം കൂടി കൈവരിക്കാനൊരുങ്ങുന്നു. മധ്യപ്രദേശിലെ ഇന്ദോറാണ് ഇങ്ങനൊരു നോട്ടത്തിനൊരുങ്ങുന്നത്. ഇവിടെ യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. യാചകരില്ലാത്ത നഗരം എന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ജനുവരി ഒന്നുമുതലാണ് പുതിയ നിയമം നടപ്പാകുക.ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവും ജില്ലാ കളക്ടര്‍ അവിനാഷ് സിങ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്.ആളുകള്‍ക്ക് ഭിക്ഷ നല്‍കുക എന്ന തെറ്റില്‍ പങ്കാളികളാകരുതെന്ന് ഇന്ദോറിലെ എല്ലാ താമസക്കാരോടും അഭ്യര്‍ഥിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു. ഭിക്ഷാടനത്തിനെതിരായ ബോധവത്കരണ കാമ്പയിനുകള്‍ ഈ മാസം അവസാനംവരെ തുടരും.
യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇന്ദോറിന്റെ തെരുവുകളെയും യാചകരില്ലാത്തയിടമാക്കി മാറ്റുന്നത്. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്ദോര്‍, ലഖ്നൗ, മുംബൈ, നാഗ്പുര്‍, പട്ന, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് കേന്ദ്ര പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം
ഇനി യാചകരില്ലാത്തതും