ന്യൂഡല്‍ഹി: എന്റെ നിലപാടാണ് എന്റെ വസ്ത്രമെന്ന് ബിജെപിക്ക് എതിരെ പ്രിയങ്ക ഗാന്ധി.പലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി പാര്‍ലമെന്റില്‍ എത്തിയ പ്രിയങ്കയെ വിമര്‍ശിച്ച ബിജെപി നിലപാടിനെ ചോദ്യം ചെയ്യുകയായിരുന്നു അവര്‍. ഞാന്‍ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ചോദിച്ച പ്രിയങ്ക ബിജെപിയുടേത് ‘സാമ്പ്രദായിക പിതൃമേധാവിത്ത’ നിലപാടാണെന്നും കുറ്റപ്പെടുത്തി. ഞാന്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്.സ്ത്രീ എന്തുധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷ കേന്ദ്രീകൃത മനോനിലയുടെ ഭാഗമാണ്. ഞാന്‍ അതിനോട് യോജിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ളതു ധരിക്കും. ബാഗുമായി ബന്ധപ്പെട്ടുളള എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിയതാണെന്നും പ്രിയങ്ക പറഞ്ഞു.
പലസ്തീന്‍ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എത്തിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയര്‍ത്തിയിരുന്നു. പലസ്തീന്‍ എന്നെഴുതിയ ബാഗില്‍ രാജ്യത്തിന്റെ ചിഹ്നങ്ങളും ഉള്‍പ്പെട്ടിരുന്നു. പലസ്തീനോടുള്ള ഐക്യദാര്‍ഢ്യസൂചകമായ തണ്ണിമത്തന്റെ പടവും ബാഗിലുണ്ടായിരുന്നു.