സാന്‍ഫ്രാന്‍സിസ്‌കോ:വേഗ വിരലുകളാല്‍ തബലയില്‍ മാസ്മരികത സൃഷ്ടിച്ച ഉസ്താദ് സാക്കിര്‍ ഹുസൈന്‍ സംഗീത ലോകത്ത്് എന്നും വിസ്മയമായിരുന്നു.മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് അല്ലാ രഖായുടെ മകന്‍ സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. മൂന്നാം വയസ്സ് മുതല്‍ സംഗീതത്തില്‍ അഭിരുചി പ്രകടമാക്കി. തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന സാക്കിര്‍ ഏഴാം വയസ്സില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്‌ട്രോ എന്ന് അരനൂറ്റാണ്ട് മുന്‍പേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. അതിരുകളില്ലാതെ ലോകം അദ്ദേഹത്തെ അംഗീകരിച്ചു, ആദരിച്ചു.
കേരളത്തെ എന്നും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തിയിരുന്നു ഉസ്താദ്. പാലക്കാട് മണി അയ്യരും പെരുവനം കുട്ടന്‍ മാരാരും പല്ലാവൂര്‍ അപ്പു മാരാരും അടക്കമുള്ള, കേരളത്തിലെ താളവാദ്യ ഇതിഹാസങ്ങളെ ഉസ്താദ് ആദരവോടെയാണു കണ്ടിരുന്നത്. കേരളത്തെപ്പറ്റി നോവു പടര്‍ന്ന ഒരു ഓര്‍മയും ഉസ്താദിനുണ്ടായിരുന്നു. അദ്ദേഹം 2000 ല്‍ കോഴിക്കോട്ട് മലബാര്‍ മഹോത്സവത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു പിതാവും തബലയിലെ ഇതിഹാസവുമായ ഉസ്താദ് അല്ലാ രഖ അന്തരിച്ചത്. പിതാവിനെ ഗുരുവും ദൈവവുമായി കണ്ടിരുന്ന സാക്കിര്‍ ഹുസൈന് അതു തീരാത്ത നോവായിരുന്നു.
ഉസ്താദ് അല്ലാ രഖയ്ക്ക് മൂന്നു പെണ്‍മക്കള്‍ക്കു ശേഷം ജനിച്ച മകനായിരുന്നു സാക്കിര്‍ ഹുസൈന്‍.വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19ാം വയസ്സില്‍ അസി.പ്രഫസര്‍ ആയി. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകള്‍ക്കു സംഗീതം നല്‍കി. നാലു തവണ ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ല്‍ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു.
പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്റെ അന്ത്യം.
താളരംഗത്ത് ‘മയിസ്‌ട്രോ’
എന്ന് വിശ്ഷിപ്പിക്കപ്പെട്ട ഉസ്താദ്