രഞ്ജിത്ത് ബാലന്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: കോണ്‍ഗ്രസ് പോഷക സംഘടനയായ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റായി ഐ.ടി വ്യവസായിയും ടെക്‌നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രഞ്ജിത്ത് ബാലനെ എഐസിസി നിയമിച്ചു. കെപിസിസിയുടെ ഐടി/ ഡിജിറ്റല്‍ മീഡിയ സെല്‍ സ്ഥാപക കണ്‍വീനറായ രഞ്ജിത് ബാലന്‍, പതിമൂന്ന് വര്‍ഷം ആ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലയളവിലാണ് കെപിസിസി ഐടി സെല്ലിന് ജില്ലാ – അസംബ്ലി തല കമ്മിറ്റികള്‍ രൂപീകരിച്ചതും കോണ്‍ഗ്രസ് പാര്‍ട്ടി ഐറ്റി അനുബന്ധ /സോഷ്യല്‍ മീഡിയ സംവിധാനങ്ങളില്‍ ശ്രദ്ദേയമായ മുന്നേറ്റങ്ങളുണ്ടാക്കുകയും ചെയ്തത്.
പ്രൊഫഷണലുകളെ കോണ്‍ഗ്രസ് പാര്‍ട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശശി തരൂരിന്റെ നേതൃത്വത്തില്‍ 2018 ല്‍ ദേശീയ തലത്തില്‍ രൂപീകൃതമായ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടനും തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷമായി ഡോ.എസ്എസ് ലാലും ആയിരുന്നു. എഐസിസി ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയര്‍മാനായ പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഇപ്പോഴത്തെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്.
ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഡൌട്ട്‌ബോക്‌സ് എഡ്യുടൈന്‍മെന്റ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ രഞ്ജിത്ത് ബാലന്‍ കേരളത്തിലെ ഐ ടി കമ്പനികളുടെ സംഘടനയായ ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളോജിസ് കമ്പനീസ് ഓഫ് കേരള) യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്. സൈബര്‍ഡോം ബോര്‍ഡ് അംഗം, പ്ലാനിംഗ് ബോര്‍ഡിന്റെ ഐ ടി വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം, കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളിന്റെ ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗം, തിരുവിതാകൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്കളുടെ ഐ ടി എക്‌സ്‌പേര്‍ട് കമ്മിറ്റി അംഗം, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മില്‍മ ചെയര്‍മാനുമായിരുന്ന അന്തരിച്ച ശ്രീ.പി എ ബാലന്‍ മാസ്റ്ററുടെ മകനാണ് തൃശ്ശൂര്‍ സ്വദേശിയായ രഞ്ജിത്ത് ബാലന്‍.