കോഴിക്കോട്: ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോക ജനസംഖ്യയുടെ 50% പേര് മതവിശ്വാസമില്ലാത്ത സാമൂഹിക ജീവിതം നയിക്കുന്നവരായി മാറുമെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി എ.കെ.അശോക് കുമാര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുമതം തകരുകയാണ്. ചര്‍ച്ചുകള്‍ അടച്ചുപൂട്ടപ്പെടുന്നു. പ്രാര്‍ത്ഥിക്കാനും ആളില്ലാതായി. ചര്‍ച്ചുകള്‍ വാടകയ്ക്കു കൊടുത്തും, ബാര്‍ നടത്താന്‍ കൊടുത്തും കൊണ്ടിരിക്കുകയാണ്. ക്രിസ്തു മതം അവശേഷിക്കാന്‍ പോകുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലുമായിരുക്കും. ദുരിത രാഷ്ട്രങ്ങളില്‍ മതത്തിന്റെ സഹായം കിട്ടുന്നതിനാലാണിത്.
ഇസ്ലാം മതവും തകര്‍ച്ചയെ നേരിടുകയാണ്. ഇറാനിലെ മത നേതൃത്വത്തിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അത് അടിച്ചമര്‍ത്താന്‍ ഇറാന് ഭരണകൂടത്തിന് ഇപ്പോഴുമായിട്ടില്ല. ഇസ്ലാം മതവും ചോദ്യംചെയ്യപ്പെടുകയാണ്. ഇറാനിലെ ഒരു പോരാളിയായ യുവാവ് പറഞ്ഞത്, താന്‍ മരിച്ചാല്‍ ഖബറില്‍ ഖുര്‍ആന്‍ വായിക്കരുതെന്നും, സംഗീതം കേള്‍പ്പിക്കണമെന്നുമാണ്. അഫ്ഗാനിസ്ഥാനില്‍ മത നേതൃത്വത്തിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി. ദുബായില്‍ രാജകുമാരിയാണ് ഭര്‍ത്താവിനെ മൊഴിചൊല്ലിത്. ലോകത്ത് ഹാപ്പിനസ്സ് ഇന്‍ഡക്സ് ഉള്ള രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ മത വിശ്വാസമില്ലാത്ത രാജ്യങ്ങളാണ്. ഫിന്‍ലന്റ്, നോര്‍വേ, സ്വീഡന്, ഡെന്മാര്ക്ക് എന്നിവ ഉദാഹരണങ്ങളാണ്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്.അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് 8 വയസ്സ് വരെ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ സാധിക്കൂ. ബംഗ്ലാദേശിലെ ഭരണ മാറ്റത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലമിയാണ്. മത ഭീകര വാദത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് ആഗോള സ്വഭാവമുണ്ട്.
ക്രിസ്ത്യന്‍ സംഘടനയായ കാസയും ഈ ഗണത്തില്‍പ്പെടുന്നവയാണ്. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ടി.എം.ജോസഫിന്റെ കൈവെട്ടിയത്, അദ്ദേഹം പള്ളിയില്‍ പോയി വരുമ്പോഴാണ്. എന്നാല്‍ ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തെ സഹായിച്ചിട്ടില്ല. കേരള യുക്തിവാദി സംഘമാണ് അദ്ദേഹത്തിന് പിന്തുണ നല്‍കിയത്.
ഇന്ത്യയില്‍ ഹിന്ദു മതത്തിന്റെ ആധിപത്യം കൊണ്ടുവരാനാണ് മോദിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്. ആര്‍എസ്എസ് ആണ് ഭീകര വാദം പ്രചരിപ്പിക്കുന്നതിന്റെ പിന്നില്‍. രാജ്യത്തെ സമസ്ത മേഖലയിലും നുഴഞ്ഞു കയറി വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയിരുന്നുവെങ്കില്‍ അവര്‍ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമായിരുന്നു. അങ്ങനെ ഒരവസ്ഥ വന്നാല്‍ സ്വതന്ത്ര സംഘടനാ പ്രവര്‍ത്തനമടക്കം നിരോധിക്കപ്പെടും. കേന്ദ്ര മന്ത്രിമാര്‍, ജഡ്ജിമാര്‍, വൈസ്ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാരടക്കം അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ്.
ക്യാമ്പസില്‍ പശുവിനെ വളര്‍ത്തിയാല്‍ ഐശ്വര്യമുണ്ടാവുമെന്ന് പറയുന്ന വൈസ്ചാന്‍സലര്‍മാര്‍ വരെ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടേത് ആത്മീയ പാരമ്പര്യം മാത്രമല്ല ദൈവ നിഷേധ ചിന്തകളുടെകൂടി പാരമ്പര്യമടങ്ങിയതാണ്. കടകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നതടക്കമുള്ള വര്‍ഗീയ ചേരിതിരിവാണ് ബിജെപി സര്‍ക്കാരുകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് രാജ്യത്ത് മത മുക്ത രാഷ്ട്രീയ നിയമം നടപ്പാക്കണം. കേരളത്തില്‍ 1987ലെ സര്‍ക്കാര്‍ ഒഴികെ മറ്റെല്ലാ എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളിലും വര്‍ഗ്ഗീയ കക്ഷികള്‍ ഉണ്ടായിരുന്നു. ന്യൂനപക്ഷ പ്രീണനം എല്‍ഡിഎഫും യുഡിഎഫും മാറി മാറി നടത്തിയിട്ടുണ്ട്. ഇതാണ് കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയത വളര്‍ന്നു വരാന്‍ കാരണം.
മതമുക്ത പാഠം കുട്ടികള്‍ക്ക് പഠിപ്പിക്കാനായി വന്നപ്പോള്‍, സാമുദായിക ശക്തികളുടെ എതിര്‍പ്പിനാല്‍ പാഠം പിന്‍വലിച്ച് സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നു. മാറാടില്‍ സൗഹാര്‍ദ്ദ ജാഥ നടത്തിയത് കേരള യുക്തിവാദി സംഘമാണ്. രോഗം മാറാന്‍ ധ്യാനവും, പ്രാര്‍ത്ഥനയും മതിയെങ്കില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് എന്തിനാണ് ആശുപത്രികള്‍ തുടങ്ങുന്നതെന്നദ്ദേഹം ചോദിച്ചു. മതങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ അപകടം രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് പ്രകാശ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. ടി.പി.മണി, സി.എസ്.എലിസബത്ത്, എല്‍സ ടീച്ചര്‍ സംസാരിച്ചു. ശാസ്ത്രവും യുക്തി ചിന്തയും എന്ന വിഷയത്തില്‍ പ്രസാദ് മാസ്റ്റര്‍ കൈതക്കലും, പവനന്, വി.കെ.പവിത്ര ജന്മ ശതാബ്ദി ആനുസ്മരണം ഇരിങ്ങല്‍ കൃഷ്ണന് നിര്‍വ്വഹിച്ചു. സി.കെ.മുരളീധരന് സ്വാഗതവും കെ.എം.പുരുഷോത്തമന് നന്ദിയും പറഞ്ഞു.