തൃശൂര്‍: ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനോടുള്ള കടപ്പാടിനോട് നീതി പുലര്‍ത്തുംവിധം, ചിറ്റൂര്‍ തുഞ്ചന്‍മഠത്തില്‍ ഉന്നതമായ ഭാഷാ, സാഹിത്യ, സാംസ്‌കാരിക സമുച്ചയമെന്ന വിദ്യാഭ്യാസ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തുഞ്ചത്തെഴുത്തച്ചന്‍ സമാധി സ്മാരക ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
ഫൗണ്ടേഷന്റെ മുന്‍ പ്രസിഡണ്ടും ഗ്രന്ഥകാരനുമായ പ്രൊഫ.കല്‍പ്പറ്റ ബാലകൃഷ്ണന്റെ 3-ാം ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് കേരളസാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തില്‍ നടന്ന അനുസ്മരണയോഗമാണ് ആവശ്യം ഉന്നയിച്ചത്. പ്രൊഫ.കല്‍പ്പറ്റ ബാലകൃഷ്ണന്‍ തന്റെ പൊതു പ്രവര്‍ത്തനത്തില്‍ ഏറെ ഊന്നല്‍ നല്‍കിയത് ചിറ്റൂര്‍ മഠത്തെ അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രശസ്തമാക്കുന്ന ഭാഷാ സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ സമുച്ചയം യാഥാര്‍ത്ഥ്യമാക്കാനായിരുന്നുവെന്ന് അനുസ്മരണയോഗം വിലയിരുത്തി.
തുഞ്ചന്‍ മഠം സര്‍ക്കാര്‍ ഏറ്റെടുത്ത ഉത്തരവ് ഹൈക്കോടതിയില്‍ സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണെന്നും സ്റ്റേ ഒഴിവാക്കാന്‍ ഉപേക്ഷാ മനോഭാവം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രൊഫ.പുത്തേഴത്ത് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡേവിഡ് കണ്ണനായ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ.ഗോവിന്ദന്‍, ഉപാദ്ധ്യക്ഷന്‍ ബദറുദ്ദീന്‍ ഗുരുവായൂര്‍, ടി.വി. സണ്ണി, പി.എസ്.സുകുമാരന്‍, ചെങ്ങാലൂര്‍ പെരു മാരാത്ത്, പി.എന്‍.കൃഷ്ണന്‍കുട്ടി, പി.ജി.ബാലകൃഷ്ണന്‍, എം.എന്‍.ഗോപിനാഥ്, ഡോ.വിനു ജോണി, സരസിജാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചിറ്റൂര്‍ തുഞ്ചന്‍മഠം: ഹൈക്കോടതി സ്റ്റേ ഒഴിവാക്കാന്‍
ഗവണ്മെന്റ് നടപടി സ്വീകരിക്കണം