തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിബന്ധനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പല തവണയായി സംസ്ഥാനം വിജിഎഫ് തിരിച്ചടയ്ക്കണമെന്ന കേന്ദ്രകാര്യ മന്ത്രാലയത്തിന്റെ നിബന്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
വിജിഎഫ് ആയി അനുവദിച്ചിരിക്കുന്ന 817.80 കോടി രൂപ നെറ്റ് പ്രസന്റ് വാല്യു (എന്‍പിവി) മാതൃകയില്‍ തിരിച്ചടയ്ക്കാന്‍ 10,000 മുതല്‍ 12,000 കോടിരൂപ വരെ വേണ്ടിവരും. പിപിപി മാതൃകയില്‍ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867 കോടിയില്‍ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി ധനകാര്യ മന്ത്രാലയം 817.80 കോടി രൂപ വിജിഎഫ് അനുവദിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ നെറ്റ് പ്രെസന്റ് വാല്യൂ (എന്‍പിവി) പ്രകാരം തുക കേന്ദ്രത്തിനു തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം വച്ചിരിക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് അല്ലാതെ വായ്പയായാണ് പണം എന്നത് വിജിഎഫ് വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ്. ഈ നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.