പാലക്കാട്: ഇനി ഒന്നിച്ച് കളിച്ച് ചിരിച്ച് പോകാന്‍ സ്കൂളിലേക്ക് പോകാന്‍ അവരില്ല. നോവ് മാത്രം ബാക്കിയാക്കി നാല്പേരും മടങ്ങി
പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെണ്‍കുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദില്‍ നടന്നു. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെണ്‍കുട്ടികളെ ഖബറടക്കിയത്. വിദ്യാര്‍ത്ഥികളെ അവസാന നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ എല്ലാവരും മൂകരായി.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാടി സാദിഖലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്വം നല്കി. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന് കുട്ടി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്നിവരും അനുശോചനമറിയിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു.അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുകയാണ്. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിന്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്.
പന്ത്രണ്ടിലേറെ മരണങ്ങളും നൂറിലേറെ അപകടങ്ങളും നടന്ന സ്ഥലമാണ് കരിമ്പ പനയംപാടം വളവ്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലാണ് അപകടമേഖലയായ പനയംപാടം. നിര്‍മാണത്തിലെ അപാകതയാണു പ്രധാന കാരണം.ചരിഞ്ഞ നിലയിലാണു റോഡ്.റോഡിന്റെ വീതി കൂട്ടിയിട്ടും ഇവിടെ അപകടങ്ങള്‍ക്കു കുറവില്ല. ഇതു പരിഹരിക്കണമെന്നു മോട്ടര്‍വാഹന വകുപ്പു നിര്‍ദേശിച്ചിട്ടും ഇതൊന്നും ഒരു പാഠമായില്ല.
പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം- ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്-സജ്ന ദമ്പതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍.
ഇനി ഒന്നിച്ച് കളിച്ച് ചിരിച്ച് പോകാന്‍ അവരില്ല;
നോവ് മാത്രം ബാക്കിയാക്കി നാല്പേരും മടങ്ങി