കോഴിക്കോട്: മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത വകുപ്പില്‍ കൈകടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മണിയാര്‍ വൈദ്യുത പദ്ധതി കരാര്‍ കാര്‍ബൊറണ്ടം കമ്പനിയുടെ താല്പര്യത്തിന് അനുകൂലമായി നീട്ടി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. 30 വര്‍ഷത്തേക്കുള്ള ബിഒടി കരാര്‍ കാര്‍ബൊറാണ്ടം കമ്പനിക്ക് നീട്ടി നല്‍കുന്നത് അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു.
വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചെയ്യുന്നത്. അവര്‍ രണ്ടുപേരും പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്ന വൈദ്യുതി മന്ത്രി ആ സ്ഥാനത്ത് തുടരേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വ്യവസായ മന്ത്രി സ്വകാര്യ കമ്പനിക്ക് കൊള്ള ലാഭം ഉണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്നു.വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഒരു നാശനഷ്ടവും കമ്പനിക്ക് ഉണ്ടായിട്ടില്ല.കോടികളുടെ അഴിമതിയാണ് നടക്കുന്നത്. കമ്പനിയുമായുള്ള 1991ലെ കരാര്‍ പ്രകാരം കാലാവധിക്കുശേഷം കരാര്‍ പുതുക്കി കൊടുക്കാം എന്ന് പറഞ്ഞിട്ടില്ല. നാശനഷ്ടം ഉണ്ടായെങ്കില്‍ ഇന്‍ഷുറന്‍സ് ഈടാക്കാമല്ലോ. 30 വര്‍ഷം കഴിയുമ്പോള്‍ മണിയാര്‍ പദ്ധതി സര്‍ക്കാരിനു കൈമാറണം എന്നാണ് ധാരണ. ഡിസംബര്‍ 30ന് 30 വര്‍ഷം പൂര്‍ത്തിയാകും. 21 ദിവസം മുന്‍പ് കമ്പനിക്ക് നോട്ടിസ് നല്‍കണം. ആ നോട്ടിസ് സര്‍ക്കാര്‍ നല്‍കിയില്ല. കാര്‍ബൊറണ്ടം കമ്പനിക്ക് 25 വര്‍ഷം കൂടി നല്‍കാനാണ് നീക്കമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് പന്ത്രണ്ടോളം ജല വൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണിയാറില്‍ കരാര്‍ നീട്ടികൊടുത്താല്‍ മറ്റുള്ളവര്‍ക്കും നീട്ടി കൊടുക്കേണ്ടി വരും. ജന താല്പര്യത്തിനു പകരം മുതലാളിമാരുടെ താല്പര്യമാണ് വ്യവസായ വകുപ്പ് സംരക്ഷിക്കുന്നത്. വൈദ്യുതി വകുപ്പ് ഭരിക്കുന്നത് സിപിഎം ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.