ന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകളില്‍ വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നും അതിനാല്‍കേസ് തീര്‍പ്പാക്കുമ്പോള്‍ നിരപരാധികളെ അനാവശ്യമായി ഉപദ്രവിക്കുന്നതില്‍ കോടതികള്‍ക്ക് ജാഗ്രത വേണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ കരുതല്‍ വേണമെന്നും കോടതി വിശദമാക്കി.
ബംഗലൂരുവില്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അതുല്‍ സുഭാഷ് എന്ന 34 കാരന്‍ 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ റെക്കോര്‍ഡ് ചെയ്തു. അകന്നു കഴിയുകയായിരുന്ന ഭാര്യ യുവാവിനും കുടുംബത്തിനുമെതിരെ ഒന്നിലധികം കേസുകള്‍ ചുമത്തി പണം തട്ടുന്നുവെന്നും യുവാവ് വിഡിയോയില്‍ ആരോപിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ നീതിന്യായ വ്യവസ്ഥയെയും അതുല്‍ വിമര്‍ശിച്ചു.ദാമ്പത്യകലഹത്തില്‍ പലപ്പോഴും ഭര്‍ത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും പ്രതിയാക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്. നിയമ വ്യവസ്ഥകളും നിയമനടപടികളും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കോടതികള്‍ ജാഗ്രത കാണിക്കണം. നിരപരാധികളായ കുടുംബങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.
ഇത്തരം കേസുകളില്‍ സൂക്ഷമമായി പരിശോധന നടത്തിയില്ലെങ്കില്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. അതേസമയം ക്രൂരതയ്ക്ക് ഇരയായ ഓരോ സ്ത്രീയും മൗനം പാലിക്കണമെന്ന് പറയുന്നില്ലെന്നും കോടതി പറഞ്ഞു. 498 എ വകുപ്പ് ഒരു സ്ത്രീയുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും കോടതി ഓര്‍മിപ്പിച്ചു.
ഇത്തരം കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതായും കോടതി ചൂണ്ടിക്കാട്ടി.