തിരുവനന്തപുരം: വഞ്ചിയൂരില്‍ വഴിയടച്ച് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പുല്ലു വില നല്കി തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഗതാഗതം തടസപ്പെടുത്തി സിപിഐ അനുകൂല സംഘടനയായ ജോയിന്റെ കൗണ്‍സിലിന്റെ രാപ്പകല്‍ സമരം. വിഷയത്തില്‍ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുള്ള സമരം ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
ഫുട്പാത്ത് ഉള്‍പ്പെടെ കയ്യേറി പന്തല്‍ കെട്ടുകയും സമരത്തിനെത്തിയ ആളുകള്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുകയും ചെയ്തതോടെയാണ് ഗതാഗതം തടസപ്പെട്ടത്. തുടര്‍ന്ന് റോഡിന്റെ മറുഭാഗത്തെ വണ്‍വേ വഴി വാഹനങ്ങള്‍ മറുവശത്തേക്കും കടത്തിവിട്ടു. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസുകാര്‍ ആരും സ്ഥലത്തില്ല എന്നതും കുരുക്കായി.
സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് ജോയിന്റ് കൗണ്‍സിലിന്റെ സമരം. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണു റോഡിന്റെ പകുതിയോളം ഭാഗത്തേക്കിറക്കി സ്റ്റേജ് നിര്‍മിച്ചത്. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളില്‍ രണ്ടു ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ റോഡിന്റെ ഒരു വശം വഴിയാണ് കടത്തിവിട്ടത്. പതിവുപോലെ പൊലീസ് ഇവിടെയും കാഴ്ചക്കാരായി. 36 മണിക്കൂര്‍ നീണ്ട സമരം ഇന്നു വൈകിട്ട് അവസാനിക്കും.
കോടതി ഞങ്ങള്‍ക്ക് പുല്ലാ
റോഡ് കെട്ടിയടച്ച് സിപിഎം സമ്മേളനം