ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി അന്തരിച്ചു. ഏതാനും മാസങ്ങളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സിപിഎം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11 വരെ എച്ച്കെഎസ് സുര്‍ജിത്ത് ഭവനിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് നിഗംബോധ്ഘട്ടിലേയ്ക്ക് സംസ്കാരത്തിനായി കൊണ്ടുപോകും.
1977ലാണ് തിവാരി സിപിഎമ്മില്‍ അംഗമായത്.ട്രേഡ് യൂണിയന് നേതാവായി സിപിഎം നേതൃത്വത്തിലേയ്ക്ക് ഉയര്‍ന്ന അദ്ദേഹം 1988ല്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയിലേയ്ക്കും 1991ല്‍ സെക്രട്ടേറിയറ്റിലേയ്ക്കും 2018ല്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ സിപിഎം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
സിഐടിയുവിന്റെ നേതൃത്വത്തില്‍ ഗാസിയാബാദിലെ വ്യവസായ മേഖലയില്‍ നിരവധി സമരങ്ങള്‍ നയിച്ച അദ്ദേഹം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു. സിഐടിയും പ്രവര്‍ത്തക സമിതിയിലും ജനറല്‍ കൗണ്‍സിലിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒളിവില്‍ കഴിയുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
കെ എം തിവാരി അന്തരിച്ചു