ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.
രാവിലെയെത്തിയ അജ്ഞാത സന്ദേശത്തിന് പിന്നാലെ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ ഒഴിപ്പിച്ചു. ഇ-മെയില്‍ വഴിയാണ് ഭീഷണി എത്തിയതെന്നാണ് വിവരം. ബോംബ് പൊട്ടിയാല്‍ അനേകം ജീവനുകള്‍ പൊലിയുമെന്നും എല്ലാവരും നരകിക്കണമെന്നും സന്ദേശത്തിലുണ്ട്.
ആര്‍.കെ പുരത്തെ ഡിപിഎസ്, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യം സന്ദേശമെത്തിയത്. സ്‌കൂള്‍ ബില്‍ഡിംഗുകളില്‍ പലയിടത്തായി ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ബോംബ് നിര്‍വീര്യമാക്കണമെങ്കില്‍ രണ്ട് കോടിയിലധികം രൂപ വേണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.
രാവിലെ അസംബ്ലി തുടങ്ങിയതിന് പിന്നാലെയാണ് സന്ദേശമെത്തിയത്. ഉടന്‍ തന്നെ കുട്ടികളെ വീട്ടിലക്കേയച്ച് സ്‌കൂളുകള്‍ ഫയര്‍ ഡിപാര്‍ട്ട്മെന്റിലും പൊലീസിലും വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന നടത്തിയ പരിശോധനയില്‍ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല.
മെയില്‍ അയച്ചിരിക്കുന്ന ഐപി അഡ്രസ് ഉപയോഗിച്ച് പ്രതിയെ കുടുക്കാനാണ് പൊലീസിന്റെ നീക്കം.