കോഴിക്കോട്: സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് വര്‍ഗീയത വിതയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുക്കുന്നതില്‍ കോണ്‍ഗ്രസും മുസ്ലിംലീഗുമെടുത്ത മൃദു സമീപനമാണ് ന്യൂനപക്ഷങ്ങളുടെയും ദളിത് ജനവിഭാഗങ്ങളെയും അക്രമിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് വളമായതെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ പറഞ്ഞു. അധികാരത്തിന് വേണ്ടി നടത്തിയ വിട്ടുവീഴ്ചകളാണ് കേന്ദ്ര ഭരണത്തിലേക്ക് ബിജെപിക്കെത്താന്‍ വഴിയൊരുക്കിയത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടില്ലായിരുന്നു. ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ രാജ്യത്തെ പല മസ്ജിദുകളും പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാദാപുരത്തു ഐ എന്‍ എല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാസിസിറ്റ് വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. യോഗത്തില്‍ ഐ എന്‍ എല്‍ ദേശീയ കൗണ്‍സില്‍ മെമ്പര്‍ വി എ അഹമ്മദ് ഹാജി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ജി ലതീഫ്, ട്രഷറര്‍ ഇ കെ പോക്കര്‍, വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍, സെക്രട്ടറി റഫീഖ് മരുതോങ്കര, വി എ പോക്കര്‍ ഹാജി, എസ് കെ സി തങ്ങള്‍, ആര്‍ കെ അബ്ദുള്ള നസീര്‍ ദേവര്‍ കോവില്‍ എന്നിവര്‍ സംസാരിച്ചു.