കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയകരമായ പരുക്കുകളോ മുറിവുകളോ അസ്വഭാവികതയോ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം കുടുംബം തള്ളി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷമാണ് ബന്ധുക്കളെ അറിയിക്കുന്നതെന്നും പരിയാരത്ത് പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്നും കോഴിക്കോട് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനില്‍ പി.നായര്‍ പറഞ്ഞു. കോടതിയില്‍ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്, കൊലപാതകമാണോ എന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി, സാക്ഷിമൊഴി, സാഹചര്യ തെളിവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ലെന്നാണ് എതിര് സത്യവാങ്മൂലത്തില്‍ പറയുന്നത്.
പ്രതി പി.പി.ദിവ്യയുടെയും കണ്ണൂര്‍ കലക്ടറുടെയും നവീന്‍ ബാബുവിന് കൈക്കൂലി നല്കിയെന്നു പറയപ്പെടുന്ന പ്രശാന്തിന്റെയും കോള്‍ രേഖകള്‍ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത് കൊടേരി നല്കിയ എതിര്‍സത്യവാങ്മൂലത്തില്‍ അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.